എൻഎച്ച്എസിന് എത്ര പണം കിട്ടിയാലും മതിയാകില്ല. എത്ര പണികിട്ടിയാലും ഹെൽത്ത് സർവ്വീസ് പഠിക്കുകയുമില്ല. ഇതിന് മറ്റൊരു ഉദാഹരണമായി എൻഎച്ച്എസ് ട്രസ്റ്റുകളുടെ മറ്റൊരു ധൂർത്ത് പുറത്ത്. ജീവനക്കാർക്ക് നന്ദി അറിയിക്കാനായി 4 മില്ല്യൺ പൗണ്ടിലേറെയാണ് ഗിഫ്റ്റ് വൗച്ചറുകൾക്കായി ചെലവാക്കിയതെന്ന് അന്വേഷണ റിപ്പോർട്ട്.
എൻഎച്ച്എസ് കാത്തിരിപ്പ് സമയം റെക്കോർഡ് തീർക്കുമ്പോഴാണ് സുപ്രധാനമായ ഫണ്ടുകൾ ഫ്രണ്ട്‌ലൈൻ മെഡിസിനായി ചെലവഴിക്കുന്നതിന് പകരം ഈ വഴിയിൽ ചോരുന്നത്. ഇംഗ്ലണ്ടിലെ 200-ഓളം എൻഎച്ച്എസ് ട്രസ്റ്റുകളിൽ ഈ ചോദ്യവുമായി സമീപിച്ചപ്പോൾ 51 ട്രസ്റ്റുകളാണ് ജീവനക്കാർക്ക് ഗിഫ്റ്റ് വൗച്ചറും, കാർഡുകളും വാങ്ങാൻ പണം ചെലവാക്കിയെന്ന് വെളിപ്പെടുത്തിയത്. 2020-21 കാലയളവിൽ സമ്മാനങ്ങൾക്കായി 1.7 മില്ല്യൺ പൗണ്ടാണ് ഈ ട്രസ്റ്റുകൾ ചെലവാക്കിയത്. ഇതോടെ എൻഎച്ച്എസിൽ ഉടനീളം 5 മില്ല്യൺ പൗണ്ടെങ്കിലും സമ്മാനങ്ങൾക്കായി പൊടിച്ചിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 2022-23 കാലയളവിൽ ഈ തുക 4.3 മില്ല്യൺ പൗണ്ടായി ഉയർന്നു, ഇതോടെ ആകെ എൻഎച്ച്എസ് ചെലവാക്കൽ 13 മില്ല്യണിന് അരികിലേക്കും ഉയരുമെന്ന് ടെലിഗ്രാഫ് അന്വേഷണം കണ്ടെത്തി.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഈസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റാണ് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്. 752,000 പൗണ്ടാണ് ഈ ട്രസ്റ്റ് ഗിഫ്റ്റ് കാർഡുകൾക്കായി വിനിയോഗിച്ചത്. ലോക്കൽ സ്ഥാപനങ്ങളാണ് ഈ വിഷയങ്ങളിൽ തീരുമാനം എടുക്കുന്നതെങ്കിലും വൗച്ചർ പോലുള്ളവയ്ക്കായി നികുതിദായകന്റെ പണം ഉപയോഗിക്കരുതെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ആവശ്യപ്പെട്ടു. എന്നാൽ രോഗികൾക്ക് പരിചരണം നൽകാൻ കാണിച്ച ഉത്തരവാദിത്വത്തിനാണ് ജീവനക്കാർക്ക് സമ്മാനം നൽകിയതെന്ന് ഈസ്റ്റ് ലണ്ടൻ ട്രസ്റ്റ് പ്രതികരിച്ചു.
© Copyright 2024. All Rights Reserved