ഓട്ടവ ഖലിസ്‌ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ 2 പേർ ഉടൻ അറസ്‌റ്റിലാവുമെന്ന് കനേഡിയൻ പൊലീസ് വ്യക്‌തമാക്കി. പ്രതികൾ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ അറസ്‌റ്റ് ചെയ്തതിനു ശേഷം ഇവർക്ക് ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം പുറത്തുവിടുമെന്നും ഇക്കാര്യം റിപ്പോർട്ട് ചെയ്‌ത 'ദ് ഗ്ലോബ് ആൻഡ് ഡെയ്‌ലി മെയിൽ' പത്രം പറയുന്നു. ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിൻ്റെ കാനഡയിലെ തലവനായ ഹർദീപ് സിങ് നിജ്‌ജാർ കഴിഞ്ഞ ജൂൺ 18ന് യുഎസ്- കാനഡ അതിർത്തിയിലെ സറെ നഗരത്തിലാണ് അജ്‌ഞാതരുടെ വെടിയേറ്റു മരിച്ചത്. ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളായ 40 ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത വ്യക്തിയാണു ഹർദീപ്.
കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് സെപ്റ്റംബറിൽ 18ന് കനേഡിയൻ പാർലമെൻ്റിൽ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ആരോപിച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ട്രൂഡോയുടെ ആരോപണം അസംബന്ധം എന്നു പറഞ്ഞ് ഇന്ത്യ തള്ളിയിരുന്നു. ഇതിനിടെ നവംബറിൽ സിഖ് വിഘടനവാദി നേതാവ് ഗുർപടവന്ത് സിങ് പന്നുവിനെ വധിക്കാൻ യുഎസിൽ ശ്രമം നടന്നു. ഈ കേസിലെ പ്രതി നിഖിൽ ഗുപ്‌തയ്ക്കെതിരെ യുഎസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഇന്ത്യക്കാരനായ സുരക്ഷാ ഉദ്യോഗസ്‌ഥന്റെ പങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ താൻ പറഞ്ഞത് ശരിയാണെന്നു തെളിഞ്ഞുവെന്ന് ജസ്‌റ്റിൻ ട്രൂഡോ പറഞ്ഞു. ഇതേസമയം, ഇത്തരം കൊലപാതകം ഇന്ത്യയുടെ നയമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്‌തമാക്കിയിരുന്നു.
© Copyright 2023. All Rights Reserved