ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഇന്ത്യാ സഖ്യത്തിന്റെ കൺവീനറായി നിയമിച്ചേക്കുമെന്ന് റിപ്പോർട്ട്. തീരുമാനം അംഗീകരിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ വെർച്വൽ മീറ്റിംഗ് ഈ ആഴ്ച നടന്നേക്കും. നിതീഷ് കുമാറുമായും ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവുമായും നിയമനം സംബന്ധിച്ച് ചൊവ്വാഴ്ചയാണ് കോൺഗ്രസ് ചർച്ച നടത്തിയത്. തീരുമാനം ഇന്ത്യ സഖ്യത്തിനുള്ളിലെ മറ്റ് പങ്കാളികളോടും കൂടിയാലോചിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയുമായി നിതീഷ് കുമാർ ഇതേ കുറിച്ച് സംസാരിച്ചിരുന്നു.
ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) തലവനുമായ അരവിന്ദ് കെജ്രിവാൾ, സഖ്യത്തിലെ മറ്റൊരു പ്രമുഖനും നിതീഷ് കുമാറിനെ കൺവീനറായി നിയമിക്കാനുള്ള ആശയത്തെ പിന്തുണച്ചതായി വൃത്തങ്ങൾ അവകാശപ്പെടുന്നു.
ഡിസംബർ 19 ന്, ഇന്ത്യ മുന്നണിയിലെ പാർട്ടികളുടെ നാലാമത്തെ യോഗം ഡൽഹിയിൽ ചേർന്നിരുന്നു. ഇതിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി മല്ലികാർജുൻ ഖാർഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ യോഗത്തിൽ, സീറ്റ് വിഭജനം, സംയുക്ത പ്രചാരണ രൂപരേഖ, 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള തന്ത്രം തുടങ്ങി വിവിധ വിഷയങ്ങളും ചർച്ചയായി. 2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രചാരണം ജനുവരി 30ന് ആരംഭിക്കുമെന്ന് പ്രതിപക്ഷ സഖ്യം അറിയിച്ചതും ശ്രദ്ധേയമാണ്. അടുത്തിടെ ജനതാദൾ (യുണൈറ്റഡ്) അധ്യക്ഷനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ചുമതലയേറ്റിരുന്നു. രാജീവ് രഞ്ജൻ സിംഗ് എന്ന ലാലൻ സിംഗ് രാജിവെച്ചതിന് പിന്നാലെയായിരുന്നു തീരുമാനം. ഡൽഹിയിൽ ചേർന്ന ജെഡിയുവിന്റെ ദ്വിദിന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് ലാലൻ സിംഗ് രാജി പ്രഖ്യാപിച്ചത്. പിന്നാലെ നിതീഷ് കുമാറിനെ പാർട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതായും ജെഡിയു അറിയിച്ചു. പാർട്ടിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സജീവമായി പങ്കെടുക്കാനുമുള്ള ആഗ്രഹമാണ് സ്ഥാനമൊഴിയാനുള്ള കാരണമെന്ന് ലാലൻ സിംഗ് പറഞ്ഞു. പാർട്ടിയുടെ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പിൻഗാമിയായി നിതീഷ് കുമാറിനെ ലാലൻ സിംഗ് തന്നെയാണ് നിർദ്ദേശിച്ചത്. നിർദ്ദേശം പ്രഖ്യാപിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ നിതീഷ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള വൻകിട രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് ഇന്ത്യ. ഈ വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യത്തെ (എൻഡിഎ) നേരിടാനാണ് സഖ്യം രൂപീകരിച്ചത്. 2023 ജൂലൈയിൽ ബംഗളൂരുവിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലായിരുന്നു സഖ്യ രൂപീകരണം.
© Copyright 2024. All Rights Reserved