വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയില്ല. ഇപ്പോൾ കുടുംബം യമൻ സന്ദർശിക്കുന്നത് യുക്തിപരമല്ലെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. അതിനാൽ യമൻ സന്ദർശിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ പ്രമേകുമാരിക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം കത്ത് നൽകി. യമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷയെ യമൻ കോടതി വധശിക്ഷക്ക് ശിക്ഷിച്ചത്. സൻആയിലെ അപ്പീൽ കോടതിയാണ് വധശിക്ഷ ശരിവെച്ചത്. വധശിക്ഷക്കെതിരെ നിമിഷ പ്രിയ നൽകിയ ഹരജി നവംബർ 13ന് യമൻ സുപ്രീംകോടതി തള്ളിയിരുന്നു.
ശരീഅത്ത് നിയമപ്രകാരം തലാൽ അബ്ദുമഹ്ദിയുടെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചാൽ മാത്രമേ ശിക്ഷ യിൽ ഇളവ് ലഭിക്കൂ. അതിനായുള്ള ചർച്ചക്ക് യമനിലേക്ക് പോകാൻ തനിക്കും അടുത്ത കുടുംബാംഗങ്ങ ൾക്കും സേവ് നിമിഷപ്രിയ ഫോറത്തിൻ്റെ ഭാരവാഹികൾക്കും അവസരമൊരുക്കണമെന്നഭ്യർഥിച്ചാണ് കുടുംബം കേന്ദ്രത്തിന് കത്ത് നൽകിയത്. എന്നാൽ നിമിഷ പ്രിയയുടെ കുടുംബം യമൻ സന്ദർശിച്ചാൽ അവിടുത്തെ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് സാധിക്കില്ല എന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്‌ടർ തനൂജ് ശങ്കർ അമ്മ പ്രേമകുമാരിക്ക് കത്തിൽ സൂചിപ്പിച്ചത്. ആഭ്യന്തരപ്രശ്‌നങ്ങൾ നിലനിൽക്കുന്ന യമനിലെ എംബസി ജിബൂട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. സൻആയിലെ സർക്കാരുമായി നിലവിൽ ബന്ധം പുലർത്തുന്നില്ലെന്നും എന്നാൽ നിമിഷ പ്രിയയുടെ കേസിൽ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കേ ന്ദ്രം കത്തിൽ വ്യക്തമാക്കി.
© Copyright 2024. All Rights Reserved