ഭീകര സംഘടനകളായി നിശ്ചയിച്ചിട്ടുള്ള ഗ്രൂപ്പുകളുടെ നിരോധനം താൽക്കാലികമായി അവസാനിപ്പിക്കാൻ കോടതികളെ അനുവദിക്കുന്ന നിയമം പാസാക്കി റഷ്യൻ പാർലമെൻ്റ്. പാർലമെൻ്റിൻ്റെ അധോസഭയായ സ്റ്റേറ്റ് ഡുമ പാസാക്കിയ പുതിയ നിയമ പ്രകാരം അഫ്ഗാനിസ്ഥാനിലെ താലിബാനുമായും സിറിയയുടെ പുതിയ നേതൃത്വവുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ റഷ്യക്ക് വഴിയൊരുക്കും. തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനം അവസാനിപ്പിച്ചാൽ ഭീകര സംഘടനകളുടെ നിരോധിത പട്ടികയിൽ നിന്ന് ഗ്രൂപ്പുകളെ നീക്കം ചെയ്യാം.
-------------------aud-------------------------------
2003 ഫെബ്രുവരിയിൽ നിരോധിത പട്ടികയിൽ ഉൾപ്പെടുത്തിയ ഗ്രൂപ്പുകളുടെ ആദ്യ ബാച്ചിൽ താലിബാൻ ഉൾപ്പെട്ടിരുന്നു. 2020 ൽ സിറിയയിലെ എച്ച്എസ്ടിയെയും ഉൾപ്പെടുത്തി. എന്നാൽ, 20 വർഷത്തെ യുദ്ധത്തിന് ശേഷം അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചതിന് പിന്നാലെ റഷ്യ ഇവരുമായി നിരന്തര ബന്ധം പുലർത്തിയിരുന്നു. ഭീകരതയ്‌ക്കെതിരെ പോരാടുന്നതിൽ താലിബാൻ ഇപ്പോൾ സഖ്യകക്ഷിയാണെന്ന് പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ജൂലൈയിൽ പറഞ്ഞു. എന്നാൽ, റഷ്യയുടെ തീവ്രവാദ പട്ടികയിൽ നിന്നും താലിബാനെ നീക്കം ചെയ്തെങ്കിലും ഗവൺമെൻ്റിൻ്റെ ഔദ്യോഗിക അംഗീകാരം നൽകുകയോ 'ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ' എന്ന് അഭിസംബോധന ചെയ്യുകയോ ഇല്ലെന്നാണ് സൂചന.
ഈ മാസം സിറിയയിൽ പ്രസിഡൻ്റ് ബഷാർ അൽ അസദിനെ അട്ടിമറിക്കുന്നതിന് നേതൃത്വം നൽകിയ സിറിയൻ ഗ്രൂപ്പായ ഹയാത്ത് തഹ്‌രീർ അൽ-ഷാമിനെ മോസ്‌കോയുടെ നിരോധിത ഭീകര ഗ്രൂപ്പുകളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യമുയർന്നിരുന്നു. സ്ഥിരത ഉറപ്പാക്കാനും ദുരന്തം തടയാനും പുതിയ സിറിയൻ അധികാരികളുമായി റഷ്യക്ക് ബന്ധം ആവശ്യമാണെന്ന് ചെച്‌നിയയുടെ നേതാവ് റംസാൻ കാദിറോവ് തിങ്കളാഴ്ച പറഞ്ഞു.
© Copyright 2025. All Rights Reserved