ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തിൻ്റെ മൂന്നാമത് പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നു. കഴിഞ്ഞ രണ്ടു പോസ്റ്റുറുകളും മോഹൻലാലിൻ്റേതു മാത്രമായിരുന്നു വെങ്കിൽ ഇക്കുറി മോഹൻലാൽ, പ്രിയാമണി, അനശ്വരാരാജൻ എന്നിവരുടെ പടം സഹിതമാണ് പുറത്തിറങ്ങിയിരിക്കുന്നത്.ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കളാണിവർ.
നിയമയുദ്ധത്തിൻ്റെ പശ്ചാത്തലത്തിലൂടെ കോർട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാലും, പ്രിയാമണിയും അഭിഭാഷകരായിട്ടെത്തുന്നു. ഒരു കേസ്സിൻ്റെ നീതിക്കായി ഇരുവശത്തും അണിനിരന്ന് അവർ തങ്ങളുടെ വാദഗതികളെ അക്കമിട്ട് നിരത്തുമ്പോൾ കോടതി നിയമയുദ്ധത്തിൻ്റെ പോർക്കളമായി മാറുകയാണ്.
ഒരു പക്ഷെ സമീപകാലത്തെ ഏറ്റവും മികച്ച കോർട്ട് റൂം ഡ്രാമയായിരിക്കും ഈ ചിത്രം. പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയായ ഒരു യുവനടിയാണ് അനശ്വരാ രാജൻ. തണ്ണീർമത്തനിലൂടെ തിളങ്ങിയ ഈ നടി ഇന്ന് സഹ്യനുമപ്പുറം തൻ്റെ സാന്നിദ്ധ്യം ഉറപ്പിച്ചിരിക്കുന്നു. ഈ ചിത്രത്തിലെ നിയമയുദ്ധത്തിൽ തെളിയിക്കപ്പെടുന്നത് ഏതു കേസ്സാണ്.?
പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിലേറ്റിക്കൊണ്ടാണ് ഈ കോടതിച്ചിത്രംജീത്തു ജോസഫ് സമ്മാനിക്കുന്നത്.
വർണ്ണപ്പകിട്ടും, ആരവങ്ങളുമില്ലാതെ ഒരു ലീഗൽ ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
കോടതി രംഗങൾ നിരവധി കണ്ടിട്ടുണ്ടങ്കിലും ഈ ചിത്രം പ്രേക്ഷകർക്ക് പുതിയൊരു അനുഭവം സമ്മാനിച്ചിരിക്കും'
ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാർ, നന്ദു, മാത്യു വർഗീസ്, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, കലേഷ്, കലാഭവൻ ജിൻ്റോ, ശാന്തി മായാദേവി, രമാദേവി, രശ്മി അനിൽ എന്നിവരും പ്രധാന താരങ്ങളാണ്.'
ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ക്രിസ്തുമസ്സിനു മുന്നോടിയായി ഡിസംബർ ഇരുപത്തി ഒന്നിന് പ്രദർശനത്തിനെത്തുന്നു വാഴൂർ ജോസ്.
© Copyright 2023. All Rights Reserved