കോൺഗ്രസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന ശശി തരൂർ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചർച്ചകൾ നടക്കുന്നതിനിടെയാണ് തൻറെ മുന്നിലുള്ളത് ലോക്സഭ തെരഞ്ഞെടുപ്പ് തന്നെയാണെന്ന് ശശി തരൂർ വ്യക്തമാക്ക. നിയമസഭ തെരഞ്ഞെടുപ്പിന് രണ്ടരവർഷം ബാക്കിയുണ്ടല്ലോ എന്നാണ് കോൺഗ്രസ് നേതാവിൻറെ പ്രതികരണം. പാർട്ടിയുടെ നിർദേശപ്രകാരം തൻറെ മുന്നിലുള്ളത് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നാണെന്ന് ശശി തരൂർ വ്യക്തമാക്കി. ഇതോടെ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും തിരുവനന്തപുരം മണ്ഡലത്തിൽനിന്ന് കോൺഗ്രസിനായി തരൂർ തന്നെയാകും ജനവിധി തേടുകയെന്ന് വ്യക്തമായി. കുറച്ചുവർഷങ്ങൾക്ക് ശേഷം രാഷ്ട്രീയത്തിൽ പുതുതലമുറയ്ക്കായി താൻ വഴി മാറിക്കൊടുക്കുമെന്നും മുതിർന്ന നേതാവ് പറഞ്ഞു. ചെറുപ്പക്കാർ കൂടുതലുള്ള രാജ്യത്ത് അവർക്കായി ഭരണം നടത്തുന്നതും തീരുമാനങ്ങളെടുക്കുന്നതും പ്രായമേറിയവരാണെന്ന സാഹചര്യം മാറണമെന്നും തരൂർ പറഞ്ഞു. കേരളമാണ് തൻറെ കർമഭൂമി. ശേഷകാലം ഇവിടെയാണ് ചെലവഴിക്കുക. രാഷ്ട്രീയമല്ലാതെ മറ്റൊരു മേഖല മുന്നിലില്ല. നിയമസഭ തെരഞ്ഞെടുപ്പിന് രണ്ട് വർഷം ബാക്കിയുള്ളതിനാൽ ആ സമയത്തെ കേരളത്തിൻറെ ആവശ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് മത്സരിക്കുന്നത് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. 2009 മുതൽ തിരുവനന്തപുരം മണ്ഡലത്തിൽനിന്നുള്ള ലോക്സഭ അംഗമാണ് ശശി തരൂർ. സിപിഐയിൽനിന്നാണ് തരൂർ 2009ൽ മണ്ഡലം പിടിച്ചെടുത്തത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ സീറ്റ് നിലനിർത്തുകയും ചെയ്തു. 2014ൽ ബിജെപി നേതാവ് ഒ രാജഗോപാലിൻറെ ശക്തമായ വെല്ലുവിളി മാറ്റിനിർത്തിയാൽ മറ്റ് രണ്ട് തെരഞ്ഞെടുപ്പുകളിലും ആധികാരിക വിജയമായിരുന്നു തരൂർ നേടിയത്. 2019ലെ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിനടുത്തായിരുന്നു കോൺഗ്രസ് നേതാവിൻറെ ഭൂരിപക്ഷം. ഇത്തവണ തരൂരിനെതിരെ കേന്ദ്ര മന്ത്രിയെ ബിജെപി മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. രാജീവ് ചന്ദ്രശേഖറോ, നിർമല സീതാരാമനോ ജനവിധി തേടിയേക്കുമെന്നാണ് അഭ്യൂഹം. ബിജെപി എ പ്ലസ് മണ്ഡലമായി കണക്കാക്കുന്ന സീറ്റുകളിലൊന്നാണ് തിരുവനന്തപുരം. കേന്ദ്ര നേതാക്കൾ ഉൾപ്പെടെയുള്ളവർ ഇതിനോടകം തന്നെ ജില്ലയിലെത്തി വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.
© Copyright 2023. All Rights Reserved