കഴിഞ്ഞദിവസം ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ച ഏകീകൃത സിവിൽ കോഡ് ബില്ലിനെ സംബന്ധിച്ചുള്ള ചർച്ചകൾ ഇന്നുമുതൽ ഉത്തരാഖണ്ഡ് നിയമസഭയിൽ ആരംഭിക്കും. അതേസമയം ബിലിനെതിരെ മുസ്ലിം സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ് . ബില്ലിനെതിരെ ഡെറാഡൂണിൽ ) പ്രതിഷേധമുയർന്നിരുന്നു. ശരീയത്തിന് വിരുദ്ധമായ ഒരു നിയമവും മുസ്ലീങ്ങൾ അംഗീകരിക്കില്ലെന്ന് ജമിയത്ത്-ഇ-ഉലമ-ഇ-ഹിന്ദ് സംഘടന വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് ഉത്തരാഖണ്ഡ് സർക്കാർ ഏകീകൃത സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. സ്വാതന്ത്ര്യത്തിനു ശേഷം സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള ആദ്യ നടപടിയാണ് ഈ ബിൽ, അതിനുശേഷം ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും സമാനമായ നിയമം ഉണ്ടായേക്കാമെന്നാണ് കരുതപ്പെടുന്നത്. ഈ ബില്ലിൽ, മലയോര സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ചെറിയ ആദിവാസി സമൂഹത്തെ നിർദ്ദിഷ്ട നിയമത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു . കൂടാതെ ഈ ബില്ലിൽ ലിവ്-ഇൻ ബന്ധങ്ങളുടെ രജിസ്ട്രേഷനും നിർബന്ധമാക്കിയിട്ടുണ്ട്.
ഈ ഏകീകൃത സിവിൽ കോഡ് ബില്ലിൽ നിന്ന് ആദിവാസികൾക്ക് ഇളവ് നൽകിയ സംഭവം എടുത്തു കാട്ടിക്കൊണ്ടാണ് ജമിയത്ത്-ഉലമ-ഇ-ഹിന്ദ് രംഗത്തെത്തിയത്. ഈ നിയമത്തിൽ നിന്ന് ആദിവാസി സമൂഹത്തെ മാറ്റിനിർത്താൻ കഴിയുമെങ്കിൽ, ഭരണഘടനയിൽ നൽകിയിരിക്കുന്ന മതസ്വാതന്ത്ര്യത്തിൻ്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷങ്ങളെയും ഉൾപ്പെടുത്താനും കഴിയുമെന്ന് സംഘടന പറഞ്ഞു. ഈ നിയമത്തിൻ്റെ പരിധിയിൽ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ശരീഅത്തിന് വിരുദ്ധമായ ഒരു നിയമവും ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും എന്നാൽ ശരീഅത്തിലും മതത്തിലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും ജാമിയത്ത് മേധാവി മൗലാന അർഷാദ് മദനി പ്രസ്താവനയിൽ വ്യക്തമാക്കി. ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിച്ചപ്പോൾ പട്ടികവർഗക്കാരെ ഈ നിർദ്ദിഷ്ട നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നുള്ള കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു. ഭരണഘടനയുടെ ഏതെങ്കിലും വകുപ്പ് പ്രകാരം പട്ടികവർഗക്കാരെ ഈ നിയമത്തിൻ്റെ പരിധിയിൽ നിന്ന് മാറ്റിനിർത്താൻ കഴിയുമെങ്കിൽ, പൗരന്മാരുടെ മൗലികാവകാശങ്ങൾ അംഗീകരിച്ചുകൊണ്ട് ഭരണഘടനയുടെ 25, 26 വകുപ്പുകൾ പ്രകാരം മുസ്ലീങ്ങൾക്ക് മതസ്വാതന്ത്ര്യം നൽകാൻ കഴിയുമെന്നും അദ്ദേഹം വാദിച്ചു. ഭരണഘടനയിൽ മതസ്വാതന്ത്ര്യം ഉറപ്പ് നൽകുന്നുണ്ടെന്ന് പറഞ്ഞ മഅ്ദനി ഏകീകൃത സിവിൽ കോഡ് മൗലികാവകാശങ്ങളെ റദ്ദാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.
ഇതൊരു ഏകീകൃത സിവിൽ കോഡാണെങ്കിൽ പിന്നെ എന്തിനാണ് പൗരന്മാർക്കിടയിൽ ഈ വ്യത്യാസമെന്ന് പട്ടികവർഗ്ഗക്കാരെ ഒഴിവാക്കിയ സംഭവം മുൻനിർത്തി അദ്ദേഹം ചോദിച്ചു. ബില്ലിൻ്റെ നിയമവശങ്ങൾ തങ്ങളുടെ നിയമവിദഗ്ധർ പരിശോധിക്കുകയാണെന്നും അതിനുശേഷം തുടർ നിയമനടപടികളിൽ തീരുമാനമെടുക്കുമെന്നും മഅ്ദനി പറഞ്ഞു.
© Copyright 2024. All Rights Reserved