ബ്രിട്ടനെ പിടിച്ചുകുലുക്കിയ സൗത്ത്‌പോർട്ട് കൊലപാതകങ്ങളിലെ കൊലയാളി ആക്‌സൽ റുഡാകുബാനയ്ക്ക് ചുരുങ്ങിയത് 52 വർഷം അകത്ത് കിടക്കാനുള്ള ജീവപര്യന്തം വിധിച്ച് കോടതി. സൗത്ത്‌പോർട്ടിൽ ടെയ്‌ലർ സ്വിഫ്റ്റ് ഡാൻസ് ക്ലാസിൽ പങ്കെടുക്കുകയായിരുന്ന പെൺകുട്ടികളെയാണ് അക്രമങ്ങളെ ആരാധിച്ചിരുന്ന ഇയാൾ കുത്തിക്കൊന്നത്.
-------------------aud--------------------------------
ശിക്ഷ വിധിക്കുമ്പോൾ താൻ ജീവനെടുത്ത കുട്ടികളുടെ കുടുംബാംഗങ്ങളുടെ മുഖം നേരിൽ കാണാൻ വിസമ്മതിച്ച 18-കാരൻ ജയിൽ സെല്ലിൽ തന്നെ തുടർന്നു. ആറ് വയസ്സുള്ള ബെബെ കിംഗ്, ഏഴ് വയസ്സുകാരി എൽസി ഡോട്ട് സ്റ്റാൻകോംബെ, ഒൻപത് വയസ്സുകാരി ആലിസ് ഡാ സിൽവാ അഗ്വാർ എന്നിവരെ കൊലപ്പെടുത്തിയതിനും, മറ്റ് പത്ത് പേരെ വധിക്കാൻ ശ്രമിച്ചതിനുമാണ് റുഡാകുബാനയ്ക്ക് ശിക്ഷ പ്രഖ്യാപിച്ചത്. ചിലപ്പോൾ ഇയാൾ ജയിലിൽ നിന്നും ഒരു കാലത്തും പുറത്തുവരാൻ സാധ്യതയില്ലെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് ഗൂസ് പറഞ്ഞു. ഡാൻസ് ക്ലാസിൽ വെച്ച് കൂട്ടക്കൊല നടത്താനായി ടാക്‌സിയിൽ എത്തുന്ന റുഡാകുബാനയുടെ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു. കാറിൽ നിന്നും ഇറങ്ങി ഹാർട്ട് സ്‌പേസ് കെട്ടിടത്തിൽ നടന്നിരുന്ന ഡാൻസ് ക്ലാസിലേക്ക് ഇയാൾ സമാധാനപൂർവ്വം നടന്നെത്തുകയും, മറ്റൊരു വാതിൽ വഴി അകത്ത് പ്രവേശിക്കുകയുമായിരുന്നു. 30 സെക്കൻഡിനകം കുട്ടികളുടെ ഉച്ചത്തിലുള്ള കരച്ചിലാണ് കേട്ടതെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. ക്രൂരത നടപ്പാക്കുമ്പോൾ 18 തികഞ്ഞിരുന്നില്ലെന്ന കാരണത്താലാണ് ആജീവനാന്ത ശിക്ഷ നൽകുന്നത് അസാധ്യമാക്കിയതെന്ന് ജഡ്ജ് പറഞ്ഞു. ജയിലിൽ നിന്നും പുറത്തിറങ്ങുന്നതിന് മുൻപ് കൊലയാളിക്ക് പരോൾ ബോർഡിനെ അഭിമുഖീകരിക്കേണ്ടി വരും. 13 ജീവപര്യന്തങ്ങളും, റിസിൻ വിഷം ഉത്പാദിപ്പിച്ചതിന് 12 വർഷവും ശിക്ഷയാണ് ലഭിച്ചത്. ഈ വിഷം കൂടുതൽ ശുദ്ധീകരിച്ചാൽ 12,500 പേരെ വരെ കൊല്ലാൻ കഴിയുമെന്ന് ഒരു വിദഗ്ധൻ മൊഴി നൽകിയിരുന്നു. കൂടാതെ അൽ ഖ്വായ്ദ മാനുവലും, കത്തികളും കൈവശം വച്ചതിന് 18 മാസത്തെ ശിക്ഷയും ചേർത്താണ് വിധിച്ചത്.
© Copyright 2024. All Rights Reserved