ഈസ്റ്റ് ആംഗ്ലിയായിലെ മലയാളി കൂട്ടായ്‌മയായ കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന നൃത്ത-സംഗീത-ദൃശ്യ വിരുന്നായ 'സെവൻ ബീറ്റ്സ് സംഗീതോത്സവം' ഈ മാസം 22ന് കേംബ്രിഡ്ജിലെ നെതർഹാൾ സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. 22ന് ഉച്ചക്ക് 2.30 മുതൽ രാത്രി 10.30 വരെ നീളുന്ന കലാ മാമാങ്കത്തിലേക്ക് പ്രവേശനം സൗജന്യമാണ്.
-------------------aud--------------------------------
സംഗീതാസ്വാദകർക്കായി ഒട്ടനവധി അനശ്വര ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മശ്രീ ഒ..എൻ.വി കുറുപ്പ്, ഭാവഗായകൻ പി.ജയചന്ദ്രൻ എന്നിവർക്കായി അനുസ്മരണവും ശ്രദ്ധാഞ്ജലിയും ഇതോടൊപ്പം നടക്കും. പ്രഗത്ഭ കലാകാരുടെ 60 ൽ പരം സംഗീത-നൃത്ത ഇനങ്ങളുടെ അവതരണം കലാ വസന്തത്തിന് മാറ്റേകും. 7 ബീറ്റ്സിന്റെ മുഖ്യ കോർഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ, സണ്ണിമോൻ മത്തായി സ്വാഗതം ആശംസിക്കും. യു കെ മലയാളികളുടെ ചരിത്ര താളുകളിൽ ഇടംപിടിച്ച അതുല്യ വ്യക്തിത്വങ്ങളെ വേദിയിൽ ആദരിക്കുന്നതോടൊപ്പം, യു കെ യിൽ ഇദംപ്രദമായി അവതരിപ്പിക്കുന്ന പുരാതന കേരള നാടോടിക്കഥകളുടെ പൂതപ്പാട്ട് അവതരണവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. യു കെ യിലെ പ്രശസ്ത അവതാരകരായ രാജേഷ് നായർ ( ഡെർബി) അൻസി കൃഷ്ണൻ (സൗത്താംപ്ടൺ), ആൻ റോസ് സോണി( ലീഡ്സ്), ആന്റോ ബാബു (ബെഡ്ഫോർഡ്) എന്നിവർ സംഗീതോത്സവ പ്രോഗ്രാം കോർത്തിണക്കും. ടീം ജതി, പൂതപ്പാട്ട് ടീം, മാതംഗി ഡാൻസ് ഗ്രൂപ്പ്, കലാതിലകങ്ങളായ ആനി-ടോണി ടീം, ടീം ലിറ്റിൽ ഹാർട്ട്സ് അടക്കം പ്രശസ്ത ടീമുകളും ഗായക നൃത്ത പ്രതിഭകളും വേദിയിലെത്തും. ചാരിറ്റി പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ ഒട്ടനവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ സെവൻ ബീറ്റ്‌സ്, ജീവ കാരുണ്യ പ്രവർത്തനത്തിനായാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുക. ആകർഷകമായ സമ്മാനം വാഗ്ദാനം ചെയ്യുന്ന 'ചാരിറ്റി റാഫിൾ ടിക്കറ്റ് 'നറുക്കെടുപ്പും, ജീവകാരുണ്യ ധനശേഖരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തനിമയിൽ സ്വാദൂറും രുചിക്കൂട്ടുകൾ നിറഞ്ഞ ഫുഡ് സ്റ്റാളുകൾ ഉച്ചക്ക് രണ്ടു മണിമുതൽ തുറന്നു പ്രവർത്തിക്കും.
© Copyright 2024. All Rights Reserved