ആദായനികുതി ഇളവ് ഉൾപ്പെടെ പ്രഖ്യാപിച്ച ഇത്തവണത്തെ കേന്ദ്രബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ മധ്യവർഗക്കാരെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ കേന്ദ്രബജറ്റ് ചരിത്രമാണെന്ന് ഡൽഹി ആർ കെ പുരത്തെ തെരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം പറഞ്ഞു.
-----------------------------
നെഹ്റുവിന്റെ കാലത്ത് ആർക്കെങ്കിലും 12 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്നെങ്കിൽ അതിന്റെ നാലിലൊന്ന് നികുതിയായി പോയിരുന്നു. ഇപ്പോൾ ഇന്ദിരാഗാന്ധിയുടെ സർക്കാരായിരുന്നെങ്കിൽ നിങ്ങളുടെ 12 ലക്ഷത്തിൽ 10 ലക്ഷവും നികുതിയായി സർക്കാരിന് നൽകേണ്ടിവരുമായിരുന്നു. 10-12 വർഷം മുമ്പുവരെ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് നിങ്ങൾ 12 ലക്ഷം സമ്പാദിച്ചാൽ 2.60 ലക്ഷം രൂപ നികുതിയായി നൽകണമായിരുന്നു. വർഷത്തിൽ 12 ലക്ഷം രൂപ വരെ സമ്പാദിക്കുന്ന ആരും ഒരുരൂപ പോലും നികുതിയായി നൽകേണ്ടതില്ലെന്നും മോദി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് 12 ലക്ഷം രൂപ വരെ സമ്പാദിക്കുന്നവർക്ക് ഇത്രയും വലിയ ആശ്വാസം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ വികസനത്തിൽ മധ്യവർഗത്തിന് വലിയ പങ്കുണ്ട്. മധ്യവർഗക്കാരെ ബഹുമാനിക്കുകയും സത്യസന്ധരായ നികുതിദായകർക്ക് പാരിതോഷികം നൽകുന്നതും ബിജെപി മാത്രമാണ്. കഴിഞ്ഞ ദിവസത്തെ ബജറ്റിനെ ഇന്ത്യയിലെ മധ്യവർഗക്കാർക്കുള്ള സൗഹാർദപരമായ ബജറ്റാണെന്നാണ് രാജ്യം മുഴുവൻ വിശേഷിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
© Copyright 2024. All Rights Reserved