പ്രതിപക്ഷ നേതാവും കെപിസിസി വൈസ് പ്രസിഡണ്ടും പറവൂർ നിയോജകമണ്ഡലം പ്രതിനിധിയുമായ വി ഡി സതീശൻ എംഎൽഎ വെള്ളിയാഴ്ച കേംബ്രിഡ്ജ് സർവ്വകലാശാലയിൽ മുഖ്യ പ്രഭാഷകനായി എത്തും. യുകെയിലെ ഇന്ത്യൻ വർക്കേഴ്‌സ് യൂണിയൻ, കേംബ്രിഡ്ജ് സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ച് 'നെഹ്റുവിയൻ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും, മാർഗ്ഗങ്ങളും' എന്ന വിഷയത്തിൽ നടത്തുന്ന സംവാദത്തിൽ ഏറെ ചിന്തോദ്ദീപകവും, കാലിക പ്രാധാന്യമേറിയതുമായ ചർച്ചകൾ ഉയരും.
വെള്ളിയാഴ്ച കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി സൗത്ത് ഏഷ്യൻ സ്റ്റുഡൻസ് ഹാളിൽ ഒരുക്കിയിരിക്കുന്ന നെഹ്രുവിയൻ സംവാദത്തിൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടൊപ്പം കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയർ ബൈജു തിട്ടാല, കേംബ്രിഡ്ജ് സിറ്റി കൗൺസിൽ മുൻ നേതാവ് ലൂയിസ് ഹെർബർട്ട് എന്നിവർ സംസാരിക്കും. തുടർന്ന് സംവാദത്തിനുള്ള തുടക്കം കുറിക്കും.
രാഷ്ട്രീയ സാഹചര്യത്തിൽ നെഹ്റുവിയൻ സോഷ്യലിസത്തിന്റെ പ്രസക്തി വിലയിരുത്തുകയും അതിന്റെ പുനരുജ്ജീവനത്തിനായി മാർഗ്ഗങ്ങൾ കണ്ടെത്തുകയും എന്ന സുപ്രധാന ദൗത്യമാണ് ഈ സംവാദത്തിലൂടെ ഇന്ത്യൻ വർക്കേഴ്‌സ് യൂണിയൻ ഉദ്ദേശിക്കുന്നത്.
ഉച്ചകഴിഞ്ഞു 2:30നു കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി, സൗത്ത് ഏഷ്യൻ സ്റ്റുഡൻസ് ഹാളിൽ ഒരുക്കിയിരിക്കുന്ന ഡിബേറ്റിൽ കാലിക ഇന്ത്യയിൽ ന്യുനപക്ഷ സമൂഹം നേരിടുന്ന ആശങ്കയും, ഏക സിവിൽ കോഡും അടക്കം സാമൂഹിക വിപത്തുകൾ ചർച്ചയാകുമ്പോൾ, ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‌ലാൽ നെഹ്റുവിന്റെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലേക്കും, ഭാരത ദര്ശനത്തിലേക്കും, വ്യവസ്ഥിതിയിലേക്കും, ഇന്ത്യയെ തിരിച്ചു കൊണ്ട് പോകുവാൻ എങ്ങിനെ സാധിക്കും എന്നാവും മുഖ്യമായും ചർച്ചയിൽ ഉരിത്തിരിയുക.
© Copyright 2024. All Rights Reserved