മോഹൻലാൽ നായകനായി വേഷമിടുന്ന പുതിയ ചിത്രം നേര് പ്രദർശനത്തിനെത്തുകയാണ്. നേരിന്റെ പ്രമോഷൻ ഇന്ന് തുടങ്ങിയിരിക്കുകയാണ്. കൊച്ചിയിലാണ് മോഹൻലാലിന്റെ നേരിന്റെ പ്രമോഷനായുള്ള വാർത്താ സമ്മേളനം സംഘടിപ്പിച്ചത്. ജീത്തു ജോസഫിനൊപ്പമെത്തിയ മോഹൻലാൽ സെൽഫിയെടുക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
നേരത്തെ കേരളീയത്തിൽ പങ്കെടുക്കവേയെടുത്ത സെൽഫി വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. നേരിന്റെ പ്രമോഷനിടെ മോഹൻലാലെടുത്ത സെൽഫി വീഡിയോയും ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നേര് 21നാണ് റീലീസ്. ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന ചിത്രമായ നേര് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. അടുത്തിടെ മോഹൻലാലിന്റെ നേരിന്റേതായി പുറത്തുവിട്ട ട്രെയിലർ മികച്ച അഭിപ്രായം നേടിയിരുന്നു. നടൻ എന്ന നിലയിൽ മോഹൻലാലിന് ചിത്രം മികച്ച അവസരമായിരിക്കുമെന്നും ഹിറ്റിനപ്പുറം പ്രകടനത്തെ വിലയിരുത്തുന്നതായിരിക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്. നേരിൽ അത്തരം നിരവധി രംഗങ്ങളുണ്ടെന്നും ട്രെയിലറിന്റെ അടിസ്ഥാനത്തിൽ ആരാധകർ ചൂണ്ടിക്കാട്ടുന്നു.
ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാർ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓൺലൈനിൽ പ്രദർശനത്താൻ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. സ്‍പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിജയമോഹനായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിടുന്നത് എന്നാണ് റിപ്പോർട്ട്. ഛായാഗ്രാഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പ്. സംഗീതം വിഷ്‍ണു ശ്യാമുമാണ്.
തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തി മായാദേവിയാണ്. യഥാർഥ ജീവിതത്തിലും അഭിഭാഷകയാണ് നേരിന്റെ തിരക്കഥാകൃത്തും നടിയുമായ ശാന്തി മായാദേവി. സൗണ്ട് ഡിസൈൻ സിനോയ് ജോസഫ്. കോർട്ട് റൂം ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തിൽ മോഹൻലാൽ തിളങ്ങുമെന്ന് ഉറപ്പുള്ള ആരാധകർ കേരളത്തിനു പുറമേ വിദേശത്ത് റിയാദിലും ജിദ്ദയിലും ഒക്കെ നേരിന്റെ ഫാൻസ് ഷോ ചാർട്ട് ചെയ്‍തിട്ടുണ്ട്.
© Copyright 2024. All Rights Reserved