സമുദ്ര നിരപ്പ് ഉയർന്ന് വരുന്നതാണ് ആശങ്കക്ക് കാരണം എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ 2040 ആകുമ്പോഴേക്കും പലയിടങ്ങളിലും റെയിൽ നെറ്റ്വർക്കുകൾ അപകടകരമായ അവസ്ഥയിൽ എത്തുമെന്നും പറയുന്നു. ട്രാൻസ്ലിങ്ക് കമ്മീഷൻ ചെയ്ത റിപ്പോർട്ട് കഴിഞ്ഞ വർഷം ഡിസംബറിലാണ് ട്രാൻസ്പോർട്ട് കൺസർട്ടന്റ് ആയ എയ്കോം പൂർത്തിയാക്കിയത്.റെയിൽവേയുടെ ആസ്തികളുമായി ബന്ധപ്പെട്ട് മൊത്തത്തിലുള്ള നഷ്ടസാധ്യതയെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമാണ് ഈ റിപ്പോർട്ട് എന്നാണ് ട്രാൻസ്ലിങ്ക് വക്താവ് അറിയിച്ചത്. 2040 ആകുമ്പോഴേക്കും ലണ്ടൻഡെറി, ലാർൺ ലൈനുകൾ ഉൾപ്പടെ ഏഴോളംഭാഗങ്ങളിലായിരിക്കും സമുദ്രനിരപ്പ് ഉയരുന്നത് മൂലം സുരക്ഷാ ഭീഷണി ഉണ്ടാവുക എന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റ് നാല് സ്ഥലങ്ങൾ കൂടി അടുത്ത 16 വർഷക്കാലത്തിനുള്ളിൽ ഭീഷണിയായേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.അതിനു പുറമെ 2060 ലും 2080 ലും സമുദ്രനിരപ്പ് ഉയരുന്നതിന്റെ ആഘാതവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിന്റെ ഫലവും റിപ്പോർട്ടിൽ ഉണ്ട്. 2100 ആകുമ്പോഴേക്കും ഉയർന്ന അപകട സാധ്യതയുള്ള മേഖലകളുടെ എണ്ണം 13 ആകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡെറി, ലാർൺ ലൈനുകളായിരിക്കും ഏറ്റവും അധികം ബാധിക്കപ്പെട്ടവ.അതുകൂടാതെ ബാൻ, എസ്റ്റുറേ, ഗ്ലിൻ, ബെയ്ലികാരി എന്നിവയും ഈ 13 സ്ഥലങ്ങളിൽ ഉൾപ്പെടും.ഈ റിപ്പോർട്ട് പലരിലും ആശങ്കയുളവാക്കുന്നതാണെന്ന് നാഷണൽ അസംബ്ലി അംഗ ജോൺ സ്റ്റുവാർട്ട് പറഞ്ഞു. പ്രാദേശിക സമൂഹത്തെ മാത്രമല്ല, രാജ്യത്തിന്റെ പൊതുവായ സമ്പദ്ഘടനയെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരുന്ന 16 വർഷങ്ങൾക്കുള്ളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രഭാവം നിമിത്തം ലാർൺ ലണ്ടൻഡെറി ലൈനുകൾ ഭാഗികമായി നശിക്കുമെന്നും, അത് സംരക്ഷിക്കാൻ നിലവിൽ മാർഗ്ഗങ്ങൾ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട അദ്ദേഹം അടിസ്ഥാന സൗകര്യ വികസന വകുപ്പ് ഇക്കാര്യത്തിൽ ഒരു അടിയന്തിര കൺസൾട്ടേഷൻ നടത്തണമെന്നും ആവശ്യപ്പെട്ടു. ലണ്ടൻഡെറി ലാർൺ ലൈനുകൾ പുനർവിന്യസിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടിട്ടുണ്ട്.
© Copyright 2023. All Rights Reserved