നോർവിച്ചിൽ ഒരു പുരുഷനും ഒരു സ്ത്രീയും രണ്ട് കുട്ടികളും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഒരു കൊലപാതക - ആത്മഹത്യ കേസ് ആണെന്ന് അന്വേഷണോദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരുന്നു സ്ഥിരീകരണം. ഇതിൽ 36 കാരിയായ യുവതിയും രണ്ടു കുട്ടികളും കൊല്ലപ്പെട്ടതാണെന്നും അവരെ കൊന്നതിനു ശേഷം പുരുഷൻ സ്വയം കുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ലഭിച്ച ഒരു ഫോൺ സന്ദേശത്തെ തുടർന്ന് കോസ്റ്റെസ്സെയിലെ അലൻ ബെഡ്ഫോർഡ് ക്രസന്റിലുള്ള ഒരു വീട്ടിലെത്തിയ പോലീസ് കണ്ടത് നാലുപേർ മരിച്ചു കിടക്കുന്നതായിരുന്നു. ബർട്ട്ലോമീ എന്ന 45 കാരനും, കാന്റിഷ എന്ന 36 കാരിയായ യുവതിയും ജാസ്മിൻ (12), നടാഷ (8) എന്നീ കുട്ടികളുമായിരുന്നു മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് വേറെ ആരുടെ മേലും സംശയമില്ലെന്ന് പോലീസ് അറിയിച്ചു.
സംഭവം നടക്കുന്നതിന് ഒരു മണിക്കൂർ മുൻപായി ബർട്ട്ലോമി പോലീസിനെ വിളിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. തന്റെ മാനസികാവസ്ഥ തകരാറിലാകുന്നു എന്നായിരുന്നു അയാൾ പറഞ്ഞത്. ഡോക്ടറുടെ സഹായം തേടാൻ പോലീസ് ഉപദേശിക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ഇന്നലെ പുറത്തു വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത് രണ്ട് കുട്ടികളും മരണമടഞ്ഞത് കഴുത്തിലേറ്റ മുറിവ് മൂലമാണെന്നാണ്. യുവതിക്കും കഴുത്തിലായിരുന്നു കുത്തേറ്റത്.
മൂവരെയും കൊന്നതിന് ശേഷം ബർട്ട്ലോമി സ്വയം കഴുത്തിൽ കുത്തി മരിക്കുകയായിരുന്നു. കെയർ ടേക്കർ ആയി ജോലി ചെയ്യുന്ന കുട്ടികളുടെ അമ്മ, സംഭവം നടക്കുമ്പോൾ ജോലിയിൽ ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബെർട്ട്ലോമിക്ക് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അവരുടെ ചില സുഹൃത്തുക്കൾ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
© Copyright 2024. All Rights Reserved