ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി അമേരിക്ക. കെജ്‌രിവാളിൻ്റെ അറസ്റ്റിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ യു എസ് സർക്കാർ നിരീക്ഷിച്ചു വരികയാണെന്നും ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രിക്ക് നീതിയുക്തവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടി ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാരിനെ പ്രേരിപ്പിക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയിതു .
-------------------aud--------------------------------fcf308
ആരോപണങ്ങൾ നേരിടുന്ന മറ്റേതൊരു ഇന്ത്യൻ പൗരനെയും പോലെ ആം ആദ്മി പാർട്ടി നേതാവിനും ന്യായവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അർഹതയുണ്ടെന്ന് ജർമ്മനിയുടെ വിദേശകാര്യ ഓഫീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് യുഎസിൻ്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം. "ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ഈ കേസിൽ പ്രയോഗിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," എന്നായിരുന്നു ജർമ്മൻ സർക്കാർ വക്താവ് വെള്ളിയാഴ്ച പറഞ്ഞത്.
എന്നാൽ കേന്ദ്ര സർക്കാർ ഈ പ്രസ്താവനയോട് ശക്തമായ രീതിയിലാണ് പ്രതികരിച്ചത്. ജർമ്മൻ പ്രതിനിധിയെ വിളിച്ചുവരുത്തുകയും വിദേശകാര്യ വക്താവിൻ്റെ പരാമർശം "ആഭ്യന്തര കാര്യങ്ങളിൽ നഗ്നമായ ഇടപെടൽ" എന്ന് വിലയിരുത്തുകയും ചെയ്യുകയും ചെയ്തു. "ഇത്തരം പരാമർശങ്ങൾ ഞങ്ങളുടെ ജുഡീഷ്യൽ പ്രക്രിയയിൽ ഇടപെടുന്നതും നമ്മുടെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തുരങ്കം വയ്ക്കുന്നതുമായി ഞങ്ങൾ കാണുന്നു," വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അതേസമയം, അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്നും ഡൽഹിയിൽ ശക്തമായ സമര പരിപാടികൾ നടന്നു. പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച പഞ്ചാബ് മന്ത്രി ഹർജോത് സിംഗ് ബെയ്ൻസ്, സോമനാഥ് ഭാരതി തുടങ്ങിയ മുതിർന്ന നേതാക്കളെയും ഇരുന്നൂറിലേറെ പ്രവർത്തകരേയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോകുന്ന വഴികളിൽ ഡൽഹി പൊലീസ് രാവിലെ തന്നെ ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
സുരക്ഷാ കാരണങ്ങളാൽ ചില മെട്രോ സ്റ്റേഷനുകൾ ഇന്ന് അടച്ചിടുകയും ചെയ്ത്. എ എ പി പ്രവർത്തകർക്ക് പ്രതിഷേധിക്കാൻ അനുമതി നൽകിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി ജെ പിയുടെ പ്രതിഷേധവും ഇന്ന് നടന്നു. ജയിലിലായ മുഖ്യമന്ത്രി എത്രയും പെട്ടെന്ന് രാജിവെക്കണമെന്നാണ് ബി ജെ പിയുടെ ആവശ്യം.
© Copyright 2023. All Rights Reserved