ന്യൂസ് ക്ലിക്ക് കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഡൽഹി പൊലീസ് കൂടുതൽ സമയം തേടി. ഇക്കാര്യം ആവശ്യപ്പെട്ട് ഡൽഹി പാട്യാല ഹൗസ് കോടതിയിൽ പൊലീസ് അപേക്ഷ സമർപ്പിച്ചു.
മൂന്ന് മാസം കൂടി അന്വേഷണത്തിന് വേണം എന്നാണ് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ന്യൂസ് ക്ലിക്ക് സ്ഥാപക എഡിറ്റർ പ്രബീർ പുർകായസ്ഥ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിട്ട് രണ്ട് മാസം പിന്നിട്ടു. യുഎപിഎ അടക്കം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഐ.ടി വിഭാഗത്തിന്റെ നിർദേശ പ്രകാരം ന്യൂസ്‌ക്ലിക്കിന്റെ അക്കൗണ്ടുകൾ പൂർണമായും മരവിപ്പിച്ചിരിക്കുകയാണ്. ന്യൂസ്‌ക്ലിക്ക് തുറന്നുപ്രവർത്തിക്കുന്നുണ്ടെങ്കിലും ജേണലിസ്റ്റുകൾക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത അവസ്ഥയാണ്. അതിനാൽ ഈ മരവിപ്പിക്കൽ നീക്കണം എന്നാവശ്യപ്പെട്ട് മാധ്യമസംഘടനകളടക്കം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കെയാണ് ഡൽഹി പൊലീസ് കൂടുതൽ സമയം തേടിയിരിക്കുന്നത്. ന്യൂസ് ക്ലിക്കിലെ രണ്ട് പേരെ അറസ്റ്റ് ചെയ്തതു കൂടാതെ 50ഓളം ജേണലിസ്റ്റുകളുടെ ലാപ്‌ടോപ്പടക്കം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതൊന്നും വിട്ടുനൽകാൻ ഇതുവരെ പൊലീസ് തയാറായിട്ടില്ല.
ഒക്ടോബർ മൂന്നിനാണ് ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ഥയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ന്യൂസ് ക്ലിക്കിന്റെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡിനു പിന്നാലെയായിരുന്നു പ്രബീർ പുർകായസ്ഥയെ കസ്റ്റഡിയിലെടുത്തത്.
© Copyright 2024. All Rights Reserved