മെഡിക്കൽ അസ്സോസിയേറ്റുകളുടെ എൻ എച്ച് എസ്സിലെ ചുമതലകൾ വിപുലീകരിക്കുന്ന നടപടി രോഗികളെ അപകടത്തിലാക്കുമെന്നും, അത് ഉടനടി നിർത്തി വയ്ക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു. ചികിത്സക്കായുള്ള ആവശ്യം വർദ്ധിച്ചു വരുന്നതോടെ അടുത്ത 15 വർഷക്കാലത്തിനുള്ളിൽ ഫിസിഷ്യൻ അസ്സോസിയേറ്റ്‌സും അനസ്‌തെറ്റിക് അസോസിയേറ്റ്‌സും കൂടുതൽ വലിയ ചുമതലകൾ വഹിക്കുവാൻ തയ്യാറാകണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്. ഡോക്ടർമരേക്കാൾ യോഗ്യത കുറഞ്ഞവ്രാണ് അവർ. മാത്രമല്ല, അവർക്ക് മെഡിക്കൽ ഡിഗ്രിയുമില്ല. എന്നിരുന്നാലും ഹോസ്പിറ്റലുകളിലും ജി പി സർജറികളിലും അവർ രോഗ നിർണയം നടത്തുകയും രോഗികളെ ചികിത്സിക്കുകയും ചെയ്യുന്നുണ്ട്.ഫിസിഷ്യൻ അസ്സോസിയേറ്റ്‌സിന്റെ റിക്രൂട്ട്‌മെന്റുകൾ ഉടനടി മരവിപ്പിക്കണം എന്നാണ് ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷൻ ആവശ്യപ്പെടുന്നത്. ഫിസിഷ്യൻ അസ്സോസിയേറ്റ് ആണ് തങ്ങളെ ചികിത്സിക്കുന്നത് എന്ന് അറിയാതെ ചികിത്സ സ്വീകരിച്ച് അവസാനം പ്രശ്‌നത്തിലായ ചില സമീപകാല സംഭവങ്ങളും അവർ ചൂണ്ടിക്കാട്ടുന്നു. അവർ ഡോക്ടർമാരുടെ മേഖലയിലേക്ക് അതിക്രമിച്ചു കടക്കുകയാണെന്നും, അവരെ കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി നിയമിക്കുന്നത് ഒരിക്കലും ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാൻ കാര്യക്ഷമമായ ഒരു നടപടിയല്ലെന്നും ബി എം എ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം ഒരു പി എ തെറ്റായ രോഗനിർണ്ണയം നടത്തിയതിന്റെ ഫലമായി നടി എമിലി ചെസ്റ്റെർട്ടൺ മരണമടഞ്ഞിരുന്നു. അവരെ അടിയന്തിര സേവന വിഭാഗത്തിലേക്ക് അയയ്ക്കാതെ രോഗലക്ഷണങ്ങൾ ഉത്കണ്ഠാ രോഗത്തിന്റെതാണെന്ന് പ്രവചിച്ച് മരുന്നു നൽകുകയായിരുന്നു. രക്തം കട്ടപിടിക്കുക വഴി കഴിഞ്ഞ വർഷം അവസാനത്തോടെയായിരുന്നു അവർ മരണമടഞ്ഞത്. താൻ ഒരു ജി പിയേയാണ് കാണുന്നത് എന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്. എന്നാൽ നോർത്ത് ലണ്ടനിലെ ഒരു പി എ ആയിരുന്നു അവരെ ചികിത്സിച്ചത്.
യു കെയിലെ ഡോക്ടർമാരെ പ്രതിനിധാനം ചെയ്യുന്ന ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷൻ യു കെ കൗൺസിൽ ഇപ്പോൾ രോഗികളുടെ സുരക്ഷ മുൻനിർത്തി ഒരു മൊറട്ടോറിയം പ്രഖ്യാപിച്ചു കഴിഞ്ഞു. മെഡിക്കൽ അസ്സോസിയേറ്റ് പ്രൊഫഷണലുകൾ ശരിയായ രീതിയിൽ നിരീക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യണം എന്നാണ് അവർ ആവശ്യപ്പെടുനന്ത്. അതിനിടയിൽ, പി എ മാർക്ക് തങ്ങളെക്കാൾ കൂടുതൽ ശമ്പളം ലഭിക്കുന്നതായി പരാതിപ്പെട്ട് ജൂനിയർ ഡോക്ടർമാർ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചാരണം ആരംഭിച്ചിട്ടുമുണ്ട്.
ഒരു രോഗി ഡോക്ടറെ കാണാൻ എത്തുമ്പോൾ ആ രോഗി ഒരു ഡോക്ടറെ തന്നെയായിരിക്കണം കാണേണ്ടത് എന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് ബി എം എ കൗൺസിൽ ചെയർ പ്രൊഫസർ ഫിൽ ബാൻഫീൽഡ് പറയുന്നു. ഓരോ തസ്തികയിലുള്ളവരുടേയും ഉത്തരവാദിത്വങ്ങൾ അവ്യക്തമാക്കുന്ന നടപടി ഉടനടി നിർത്തലാക്കണം എന്നാവശ്യപ്പെട്ട ഡോ. ഫിൽ, രോഗികൾക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്ന നടപടികൾ അനുവദിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. യു കെയിൽ 3500 ൽ അധികം ഫിസിഷ്യൻ അസ്സോസിയേറ്റുകളാണ് റെജിസ്റ്റർ ചെയ്തിരിക്കുന്നത്. അതുപോലെ 150 അനസ്‌തേഷ്യ അസ്സോസിയേറ്റ്‌സും 6800 നഴ്‌സിംഗ് അസ്സോസിയേറ്റ്‌സും ഉണ്ട്. ഇതിൽ ഫിസിഷ്യൻ അസ്സോസിയേറ്റ്‌സും അനസ്‌തേഷ്യ അസ്സോസിയേറ്റ്‌സും സാധാരണയായി മൂന്ന് വർഷത്തെ അണ്ടർ ഗ്രാജ്വേറ്റ് കോഴ്‌സും അതിനു ശേഷം രണ്ട് വർഷത്തെ പോസ്റ്റ് ഗ്രാഡ്വേറ്റ് പരിശീലനവുമാണ് പൂർത്തിയാക്കുന്നത്. ഇപ്പോൾ അവരെ നിയന്ത്രിക്കാൻ ഏജൻസികളൊന്നുമില്ല. എന്നാൽ, അവരുടെ ഉത്തരവാദിത്തങ്ങൾ വിപുലപ്പെടുത്താൻ ശ്രമിക്കുകയാണ് സർക്കാർ.
© Copyright 2023. All Rights Reserved