കേന്ദ്രം മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ തള്ളിയ കർഷകർ ഇന്ന് രാവിലെ 11 ഓടെയായിരുന്നു ഡൽഹി ചലോ മാർച്ച് വീണ്ടും ആരംഭിച്ചത്. 1400 ഓളം കർഷകരാണ് അതിർത്തിയിൽ എത്തിയത്. 1200 ഓളം ട്രാക്ടർ ട്രോളികൾ, 300 കാറുകൾ, 10 മിനി ബസുകൾ എന്നിവയിലാണ് കർഷകർ ഇവിടേക്ക് വന്നത്.സർവ്വ സന്നാഹങ്ങളുമായിട്ടായിരുന്നു കർഷകർ എത്തിയത്. ഇരുമ്പുഷീറ്റുകൾ കൊണ്ട് പൊതിഞ്ഞ മണ്ണുമാന്തി യന്ത്രങ്ങൾ, കണ്ണീർവാതക ഷെല്ലുകളെ തടയാനായി വാഹനങ്ങളിൽ നനഞ്ഞ ചാക്കുകൾ, കണ്ണീർവാതകത്തെ തടയാനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഹെൽമറ്റുകൾ, ഹൈഡ്രോളിക് യന്ത്രങ്ങൾ തുടങ്ങിയവയെല്ലാം കർഷകർ കരുതിയിരുന്നു.
സമരം തുടങ്ങിയ ആദ്യ ഘട്ടത്തിൽ കർഷകർക്ക് നേരെ പോലീസ് വലിയ രീതിയിൽ കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചിരുന്നു. ഇതേ തുടർന്നാണ് പോലീസിന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ സകല മുന്നൊരുക്കങ്ങളും കർഷകർ നടത്തിയത്. അതേസമയം അതിർത്തിയിൽ ഏത് വിധേനയും കർഷകരെ തടയുമെന്നാണ് പോലീസ് നിലപാട്.
കർഷകർ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് തടയാനായി രാവിലെ മുതൽ തന്നെ വലിയ പോലീസ് സന്നാഹമായിരുന്നു അതിർത്തിയിൽ അണിനിരന്നിരുന്നത്. അതിർത്തികളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ പോലീസ് , അർധ സൈനിക വിഭാഗങ്ങളും തമ്പടിച്ചിട്ടുണ്ട്. കർഷകരെ തടയാനായി കോൺക്രീറ്റ് ബാരിക്കേഡുകളും മുള്ളുവേലികൾ, വലിയ ഷിപ്പിങ് കണ്ടെയ്നറുകൾ എന്നിവയെല്ലാം പോലീസ് സ്ഥാപിച്ചിട്ടുണ്ട്. കർഷകരുടെ വാഹനങ്ങൾ തടയാനായി കോൺക്രീറ്റിൽ ആണികളും പതിച്ചിട്ടുണ്ട്. സമരം ചെയ്യുന്ന കർഷകർക്ക് ട്രാക്ടർ, ക്രെയിൻ, മണ്ണുമാന്തി യന്ത്രം എന്നിവ നൽകരുതെന്ന് നേരത്തേ പോലീസ് നിർദ്ദേശം നൽകിയിരുന്നു. ഇവ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് പോലീസിന് ഹരിയാണ പോലീസ് മേധാവി കത്ത് നൽകിയിരുന്നു. ക്രമസമാധാന നില തകർന്നെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരും പഞ്ചാബ് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ശംഭു അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്ന കർഷകർ കൊണ്ടുവന്ന ബുൾഡോസറുകളും മറ്റ് ഉപകരണങ്ങളും പോലീസ് ബാരിക്കേഡിംഗ് തകർക്കാൻ വിധത്തിലുള്ളവയാണെന്നും ഇവയെല്ലാം ഉപയോഗിച്ച് കർഷകർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചാൽ പോലീസിനും അർദ്ധസൈനിക സേനയ്ക്കും ഗുരുതരമായ അപകടമുണ്ടാക്കുകയും ഹരിയാണയിലെ സുരക്ഷാ ക്രമീകരണങ്ങൾ തകരുമെന്നുമായിരുന്നു കത്തിൽ വ്യക്തമാക്കിയത്.
അതേസമയം ചർച്ചയ്ക്ക് വീണ്ടും താൽപര്യം അറിയിച്ച് കേന്ദ്രസർക്കാർ മുന്നോട്ട് വന്നിട്ടുണ്ട്. കർഷകരുടെ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും ചർച്ച ചെയ്യാൻ തയ്യാറായാൽ മാത്രമേ പരിഹാരം കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്നുമാണ് കേന്ദ്ര മന്ത്രി അർജുൻ മുണ്ട വ്യക്തമാക്കിയത്.
© Copyright 2023. All Rights Reserved