ജാതീയ പരാമർശത്തിൽ നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിനെതിരെ പരാതി. സാമൂഹ്യപ്രവർത്തകയാണ് ധന്യാ രാമനാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ധന്യ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
ജാതിവ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിയിലുള്ളവർക്ക് മണ്ണിൽ കുഴി കുത്തി അതിൽ കഞ്ഞി ഒഴിച്ചു കൊടുത്തിരുന്ന സമ്പ്രാദയത്തെക്കുറിച്ച് നൊസ്റ്റാൾജിയയോടെ ഓർക്കുന്ന കൃഷ്ണ കുമാറിൻറെ വീഡിയോയാണ് വിമർശനങ്ങൾക്ക് കാരണമായത്.
കൃഷ്ണകുമാറിൻറെ ഭാര്യ സിന്ധുവിൻറെ യുട്യൂബ് പേജിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിലാണ് കൃഷ്ണകുമാറിൻറെ ജാതീയത തുറന്നുകാട്ടുന്ന പരാമർശമുള്ളത്. ''ഞങ്ങൾ തൃപ്പൂണിത്തറയിൽ താമസിക്കുന്ന കാലത്ത് പറമ്പ് ഒക്കെ വൃത്തിയാക്കാൻ ആളുകൾ വരും. അവർ രാവിലെ വരുമ്പോൾ ഒരു കട്ടൻ ചായ കുടിച്ചിട്ടായിരിക്കും വരുന്നത്. ഒരു പതിനൊന്ന് മണിയാകുമ്പോൾ ഇവർക്ക് പഴഞ്ചോറ് മതി. അന്ന് അമ്മ കുറച്ച് പഴഞ്ചോറും കറികളും എടുത്ത് വച്ചിരിക്കും. പണി എടുത്ത പറമ്പിൽ തന്നെ ചെറിയ കുഴി എടുത്ത് അതിൽ വട്ടയില വയ്ക്കും. അതിലേക്ക് കഞ്ഞിയും കറിയും ഒഴിക്കും. ചേമ്പില വിളിച്ച വിരിച്ച കുഴിയിൽ നിന്ന് പണിക്കാർ പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് ഓർക്കുമ്പോൾ ഇപ്പോഴും കൊതി വരും''. കൊച്ചി മാരിയറ്റിൽ താമസിക്കുമ്പോൾ പ്രഭാത ഭക്ഷണത്തിനായി പഴങ്കഞ്ഞി ഉണ്ടായിരുന്നു അതുകണ്ടപ്പോൾ ഉണ്ടായ ഓർമ്മകളാണെന്നാണ് കൃഷ്ണ കുമാർ വീഡിയോയിൽ പറയുന്നത്.
ധന്യ രാമൻറെ കുറിപ്പ് കുറിപ്പ് ഇങ്ങനെ ആണ് …..
ബഹുമാനപ്പെട്ട തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ മുൻപാകെ ധന്യ രാമൻ ബോധിപ്പിക്കുന്ന പരാതി.
വിഷയം: ബിജെപി നേതാവും മുൻ തെരഞ്ഞെടുപ്പിലെ തിരുവനന്തപുരം നിയമസഭ മണ്ഡലo സ്ഥാനാർഥിയും ആയിരുന്ന കൃഷ്ണകുമാർ, ഇന്ത്യൻ ഭരണ ഘടന പ്രകാരവും രാജ്യത്ത് നിലവിലിരിക്കുന്ന നിയമ പ്രകാരവും നിരോധിച്ചതും കുറ്റകരമാക്കിയതുമായ തൊട്ടുകൂടായ്മയും ജാതീയ പരമായ വിലക്കും മനുഷ്യ അവകാശങ്ങളെ ലംഘിച്ചും നടത്തിയ കുറ്റകൃത്യങ്ങളെ പറ്റി സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിനെ കുറിച്ച് കേസ് എടുക്കുന്നത് സംബന്ധിച്ച്.
സർ, സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിക്കപ്പെട്ട വീഡിയോ യിൽ കൃഷ്ണ കുമാറിൻറെ മാതാവ് തറയിൽ കുഴി കുഴിച്ചു ആൾക്കാർക്ക് ആഹാരം കൊടുത്തതായി വെളിപ്പെടുത്തിയിരിക്കുന്നു. ആയത് ഇവിടുത്തെ പിന്നോക്ക വിഭാഗക്കാരെയും ഭരണ ഘടന നിലവിൽ വന്ന ശേഷവും 1955 ലെ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് ആക്ട് ഈ രാജ്യത്ത് നിലവിൽ വന്ന ശേഷവും ആണെന്ന് മനസിലാക്കാവുന്നതാണ്. നിയമപരമായി നിരോധിച്ചതും കുറ്റകരമാക്കിയതുമായ മേപ്പടി പ്രവർത്തി ശിക്ഷാർഹവുമാണ്. ഈ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി പിന്നോക്ക വിഭാഗക്കാരിയായ എനിക്ക് ഈ വെളിപ്പെടുത്തലിൽ അതീവ ദുഖവും ഞെട്ടലും ആയതിൽ മാനസിക വേദന ഉണ്ടായിട്ടുള്ളതും ടിയാനും ടിയാൻറെ ബന്ധുക്കളും നടത്തിയ മേപ്പടി കുറ്റകൃത്യത്തിൽ എനിക്ക് പരാതി ഉണ്ട്. ഈ സംഭവത്തിന് കാരണകാരായ മുഴുവൻ പേർക്കെതിരെയും കർശനമായ നിയമ നടപടി കൾ സ്വീകരിക്കുന്നതിനു ഈ പരാതി അങ്ങയുടെ മുൻപിൽ ബോധിപ്പിക്കുന്നു
എന്ന് ധന്യ രാമൻ
© Copyright 2023. All Rights Reserved