ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലും നല്ല തുടക്കത്തിനുശേഷം വിക്കറ്റ് വലിച്ചെറിഞ്ഞ ശഭ്മാൻ ഗില്ലിന് ഉപദേശവുമായി മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ. ഹൈദരാബാദ് ടെസ്റ്റിൽ 66 പന്ത് നേരിട്ട ഗിൽ 23 റൺസെടുത്ത് പുറത്തായിരുന്നു. ഈ സമയം കമൻററി ബോക്സിലിരുന്നാണ് പീറ്റേഴ്സൺ ഗില്ലിനെ ഉപദേശിച്ചത്.
രാഹുൽ ദ്രാവിഡ് ഇത് കേൾക്കുന്നുണ്ടോ എന്ന് അറിയില്ല, കേൾക്കുന്നുണ്ടെങ്കിൽ താങ്കൾ ശുഭ്മാൻ ഗില്ലിനൊപ്പം കുറച്ചു സമയം ചെലവഴിച്ച് അവനെ ഒന്ന് സഹായിക്കണം. പണ്ട് എന്നെ താങ്കൾ സഹായിച്ചതുപോലെ. ഓഫ് സൈഡിൽ എങ്ങനെ പന്തടിക്കണമെന്ന് ഒന്ന് അവന് പറഞ്ഞ് കൊടുക്കണം. അതുപോലെ ബൗളർമാരുടെ ലെങ്ത് എങ്ങനെ പെട്ടെന്ന് മനസിലാക്കണമെന്നും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യേണ്ടതിൻറെ ആവശ്യകതയും അവനെ പറഞ്ഞ് ബോധ്യപ്പെടുത്തണം. ഇക്കാര്യങ്ങൾ ചെയ്താൽ അവൻ മികച്ച ബാറ്ററായി മാറുമെന്നും പീറ്റേഴ്സൺ കമൻററിക്കിടെ പറഞ്ഞു. 2010ൽ ബംഗ്ലാദേശ് സ്പിന്നർമാർക്കെതിരെ പീറ്റേഴ്സൺ റൺസടിക്കാൻ ബുദ്ധിമുട്ടിയപ്പോൾ അന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ സഹതാരമായിരുന്ന രാഹുൽ ദ്രാവിഡിനോട് അദ്ദേഹം സഹായം തേടിയിരുന്നു. ഇ മെയിലിലൂടെ സ്പിൻ ട്രാക്കുകളിൽ എങ്ങനെ ബാറ്റ് ചെയ്യണമെന്ന ഉപദേശമാണ് പീറ്റേഴ്സൺ രാഹുൽ ദ്രാവിഡിനോട് തേടിയത്.
മത്സരത്തിന് മുമ്പ് ഇംഗ്ലണ്ട് സ്പിന്നർമാരായിരുന്ന മോണ്ടി പനേസർക്കെതിരെയും ഗ്രെയിം സ്വാനെതിരെയും ബാറ്റിംഗ് പാഡുകൾ ഉപയോഗിക്കാതെ ബാറ്റ് ചെയ്ത് പരിശീലകിക്കാനായിരുന്നു ദ്രാവിഡ് പീറ്റേഴ്സണെ ഉപദേശിച്ചത്. പന്ത് കാലിൽ കൊണ്ട് ചിലപ്പോൾ വേദനിക്കാം. പക്ഷെ പാഡില്ലാത്തതിനാൽ പന്ത് കാലിൽ കൊള്ളാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചു കളിക്കാൻ ഇതിലൂടെ കഴിയുമെന്നും ദ്രാവിഡ് അന്ന് പീറ്റേഴ്സണെ ഉപദേശിച്ചിരുന്നു.അന്ന് ദ്രാവിഡ് അയച്ച ഇ മെയിലാണ് തന്നെ പുതിയൊരു ലോകത്തിലേക്ക് കൈപിടിച്ചുയർത്തയിതെന്നും സ്പിന്നർമാരെ നേരിടുന്ന കല എന്താണെന്ന് മനസിലായത് അത് വായിച്ചതോടെയാണെന്നും പീറ്റേഴ്സൺ പറഞ്ഞു. പന്ത് കൈയിൽ നിന്ന് റിലീസ് ചെയ്യുമ്പോഴെ ലെങ്ത് തിരിച്ചറിയുകയും പിന്നീട് കളിക്കേണ്ട ഷോട്ട് തീരുമാനിക്കുകയും ചെയ്യുക എന്ന തന്ത്രം അതോടെയാണ് താൻ തിരിച്ചറിഞ്ഞതെന്നും പീറ്റേഴ്സൺ പറഞ്ഞു. അതിനുശേഷം 2012ൽ ഇന്ത്യൻ പര്യടനത്തിനെത്തിയ പീറ്റേഴ്സൺ 338 റൺസടിച്ചു. ഇംഗ്ലണ്ട് ഇന്ത്യയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയും ചെയ്തു.
© Copyright 2024. All Rights Reserved