ലോകത്തിലെ ഏറ്റവും പ്രായംകൂടിയ ഭരണാധികാരിയാണു മഹാതീർ. ക്വാലാലംപുരിലെ ഇസ്റ്റാന നെഗാര കൊട്ടാരത്തിൽ സത്യപ്രതിജ്ഞാചടങ്ങു നടക്കുന്പോൾ മഹാതിറിന്റെ അനുയായികൾ പതാകകൾ വീശി ആഹ്ലാദം പ്രകടിപ്പിച്ചു.പൊതുതെരഞ്ഞെടുപ്പിൽ നാഷണൽ ഫ്രണ്ട് സഖ്യത്തിന്റെ ആറു പതിറ്റാണ്ടു നീണ്ട ഭരണം അവസാനിപ്പിച്ചാണ് മുൻ പ്രധാനമന്ത്രികൂടിയായ മഹാതിർ നേതൃത്വം നല്കിയ പ്രതിപക്ഷം അട്ടിമറിജയം നേടിയത്. 222 അംഗ പാർലമെന്റിൽ മഹാതീറിന്റെ സഖ്യം 121 സീറ്റുകളാണു നേടിയത്. സർക്കാർ രൂപീകരണത്തിന് 112 മതിയാകും. നജീബ് റസാക്കിന്റെ നാഷണൽ ഫ്രണ്ട് സഖ്യം 79 സീറ്റുകളിലൊതുങ്ങി. 2003 വരെയുള്ള 22 വർഷം പ്രധാനമന്ത്രിയായിരുന്ന മഹാതിർ, ആധുനിക മലേഷ്യയുടെ നിർമാതാവെന്നാണ് അറിയപ്പെടുന്നത്. അതോടൊപ്പം എതിരാളികളെ അടിച്ചമർത്തുന്ന അദ്ദേഹത്തിന്റെ ഭരണരീതി ഏകാധിപതികളുടേതിനു സമാനവുമാണ്. നജീബ് റസാഖിന്റെ രാഷ്ട്രീയ ഗുരുവായിരുന്നു മഹാതിർ. നജീബ് ഭരണകൂടത്തിനെതിരേ വലിയ അഴിമതിയാരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് മഹാതിർ രാഷ്ട്രീയത്തിലേക്കു തിരിച്ചുവന്ന് പ്രതിപക്ഷത്തിനൊപ്പം ചേർന്നു. തെരഞ്ഞെടുപ്പിൽ നജീബ് ഭരണം നിലനിർത്തുമെന്ന പ്രവചനങ്ങൾ തെറ്റിച്ച് ജയം നേടി.
© Copyright 2024. All Rights Reserved