2016 ജനുവരി 2ന് നടന്ന പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ബുധനാഴ്ചയാണ് ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള ഷാഹിദ് ലത്തീഫ് എന്ന ജയ്ഷെ ഭീകരൻ പാകിസ്താനിലെ സിയാൽകോട്ടയിൽ വച്ചാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. പ്രദേശത്ത് നൂർ മദീന പള്ളിയിൽ പ്രാർത്ഥിക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. ലത്തീഫിന് പുറമെ ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് നേരെയും വെടിവയ്പ്പ് ഉണ്ടായതായും റിപ്പോർട്ടുണ്ട്.
കൊലനടത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അറിയിച്ചിട്ടുണ്ട്. രണ്ട് പേരാണ് ഇയാൾക്ക് നേരെ നിറയൊഴിച്ചത്. കൊലയ്ക്ക് ശേഷം ആക്രമികൾ ബൈക്കിൽ കയറി രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. ഇവരിൽ ഒരാളുടെ കാലിന് പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. അക്രമികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് പറഞ്ഞു. ഇന്ത്യയിലെ നിരോധിത ഭീകരസംഘടനയായ ജയ്ഷെ ഇ മൊഹമ്മദ് ഭീകരനായിരുന്നു ലത്തീഫ്. നേരത്തെ ഇന്ത്യയിൽ വച്ച് ഇയാൾ പിടിയിലാകുകയും തടവിൽ പോകുകയും ചെയ്തിട്ടുണ്ട്. 1994ലെ ഒരു ഭീകരാക്രമണ പദ്ധതിയിലാണ് ഇയാൾ അറസ്റ്റിലാകുന്നത്. 1999ലെ ഇന്ത്യൻ എയർലൈൻസിന്റെ വിമാനം തട്ടിക്കൊണ്ടുപോയി കാണ്ഡഹാറിൽ ഇറക്കിയ സംഭവത്തിലും ഇയാൾ പ്രതിയാണ്. 2010ലാണ് ഇയാൾ ജയിൽ മോചിതനാകുന്നത്. തുടർന്ന് വാഗാ അതിർത്തി കടന്ന് പാകിസ്താനിലേക്ക് നാടുകടത്തുകയും ചെയ്തു.
2016 ജനുവരി മാസം രണ്ടാം തീയതി പത്താൻകോട്ട് എയർബേസിൽ 4 ഭീകരന്മർ കയറി ആക്രമണം നടത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരനായിരുന്നു 41കാരനായ ലത്തീഫ്. അന്ന് ഏഴ് ഇന്ത്യൻ എയർ ഫോഴ്സ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇതിന് പ്രത്യാക്രമണമായി ഇന്ത്യൻ സൈന്യം അതിർത്തി കടന്ന് പാക് മണ്ണിൽ കയറി തിരിച്ചടി നൽകുകയും ചെയ്തിരുന്നു.കഴിഞ്ഞ 18 മാസത്തിനിടെ ഇത്തരത്തിൽ നിരവധി ഭീകരരാണ് പാക് മണ്ണിൽ വച്ച് കൊല്ലപ്പെടുന്നത്.
© Copyright 2024. All Rights Reserved