ഹൃത്വിക് റോഷൻ, ദീപിക പദുകോൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ഫൈറ്റർ. ജനുവരി 25 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. വിയാകോം 18 സ്റ്റുഡിയോസിന്റെ യൂട്യൂബ് അക്കൗണ്ടിലൂടെയാണ് ട്രെയിലർ റീലീസ് ചെയ്തിരിക്കുന്നത്.ഷാറൂഖ് ഖാന്റെ പത്താൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ചിത്രമാണിത്.
-------------------aud--------------------------------
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനെപോലെ ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുൽവാമ ഭീകരാക്രമണവും ബാലാകോട്ട് ആക്രമണത്തേയും ചുറ്റിപ്പറ്റിയാണ് ചിത്രം സഞ്ചരിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ബാലാകോട്ടിലെ അതിർത്തി കടന്നുള്ള ഇന്ത്യയുടെ ആക്രമണവും ട്രെയിലറിൽ പരാമർശിക്കുന്നുണ്ട്. കൂടാതെ ട്രെയിലറിൽ ഹൈലൈറ്റ് അതിഗംഭീരമായ യുദ്ധരംഗങ്ങളാണ്. കൂടാതെ 2019 ൽ പുറത്തിറങ്ങിയ കൗശൽ ചിത്രമായ 'ഉറി: ദി സർജിക്കൽ സ്ട്രൈക്കിലെ ചിലരംഗങ്ങളും ട്രെയിലർ ഓർമിപ്പിക്കുന്നുണ്ട്.
എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഷംഷേർ പത്താനിയ എന്ന കഥാപാത്രത്തെയാണ് ഫൈറ്ററിൽ ഹൃത്വിക് റോഷൻ അവതരിപ്പിക്കുന്നത്. എയർഫോഴ്സ് ഉദ്യോഗസ്ഥയായിട്ടാണ് ദീപിക പദുകോൺ എത്തുന്നത്. ഇതുവരെ ചെയ്ത സ്ത്രീകഥാപാത്രങ്ങളിൽ ഏറ്റവും മികച്ചതും ശക്തവുമായ കഥാപാത്രമായിരിക്കും ഫൈറ്ററിലേതെന്ന് നേരത്തെ സംവിധായകൻ സിദ്ധാർഥ് ആനന്ദ് പറഞ്ഞിരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് പുറത്തെത്തിയ ട്രെയിലർ. നടൻ അനിൽ കപൂറും ഒരു പ്രധാനകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കരൺ സിങ് ഗ്രോവർ, അക്ഷയ് ഒബ്റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
© Copyright 2025. All Rights Reserved