സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. ഈ മാസം ഇതുവരെ ഇരുന്നൂറിലേറെ പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. മുപ്പതോളം പേർക്ക് എലിപ്പനിയും ബാധിച്ചു. വൈറൽ പനി ബാധിച്ച് അഞ്ച് ദിവസത്തിനിടെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് 40,000ത്തോളം രോഗികളാണ്. രോഗബാധിതർ കൂടുമ്പോഴും കാരുണ്യ ഫാർമസികളിലടക്കം മരുന്ന് ക്ഷാമവും രൂക്ഷമാണ്.
നീണ്ടനിരയാണ് സർക്കാർ ആശുപത്രികളിലെല്ലാം. പനിക്ക് ചികിത്സ തേടിയെത്തുന്ന ആളുകളുടെ എണ്ണത്തിൽ കുറവില്ല. നവംബറിലും ഡിസംബറിലും കണ്ട അതേ കാഴ്ചയാണ് പുതുവർഷത്തിലും സർക്കാർ ആശുപത്രികൾക്ക് മുന്നിൽ. പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. മലപ്പുറത്തും കോഴിക്കോട്ടുമാണ് പനിബാധിതരിൽ കൂടുതലും.
-------------------aud--------------------------------fcf308
സാധാരണ വൈറൽ പനിക്കൊപ്പം ഡെങ്കിയും എലിപ്പനിയും ആളുകളെ ബാധിക്കുന്നുണ്ട്. അഞ്ച് ദിവസത്തിനിടെ ഡെങ്കി സ്ഥിരീകരിച്ചത് ഇരുന്നൂറിലേറെ പേർക്കാണ്. ഒരു മരണവും ഡെങ്കിമൂലമുണ്ടായി. മുപ്പതിലേറെ പേർക്ക് എലിപ്പനിയും ബാധിച്ചു. ചിക്കൻപോക്സും എച്ച് വൺ എൻ വണ്ണും ബാധിച്ചും ആളുകൾ സർക്കാർ ആശുപത്രികളിലേക്ക് എത്തുന്നു.
പനിയും അനുബന്ധ രോഗങ്ങളും ബാധിക്കുമ്പോൾ മരുന്ന് ക്ഷാമം രോഗികളെ രോഗത്തേക്കാളേറെ ബുദ്ധിമുട്ടിക്കുന്നു. സർക്കാർ ആശുപത്രികളിലും കാരുണ്യ ഫാർമസികളിലും വേണ്ടത്ര മരുന്നില്ല. രോഗിക്ക് അഞ്ചോ ആറോ മരുന്ന് ഡോക്ടർ കുറിച്ച് നൽകിയാൽ രണ്ടെണ്ണം മാത്രമാണ് സർക്കാർ ആശുപത്രിയിൽ നിന്ന് ലഭിക്കുക. ബാക്കി പുറത്തെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഭീമമായ തുക നൽകി വാങ്ങേണ്ടിവരുന്നു.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും രോഗവ്യാപനത്തിൽ കുറവില്ല. കഴിഞ്ഞ മാസങ്ങളിൽ പനി ബാധിതരുടെ എണ്ണം കൂടുമെന്ന വിലയിരുത്തൽ വകുപ്പിന് ഉണ്ടായിരുന്നു. പുതുവർഷത്തിലെ ആദ്യ ഒരാഴ്ചയിലും സ്ഥിതിക്ക് മാറ്റമില്ല. കാലാവസ്ഥാമാറ്റം രോഗവ്യാപനത്തിന് കാരണമായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നത്.
© Copyright 2024. All Rights Reserved