സെപ്റ്റംബർ മാസം പത്തൊൻപതാം തീയതി വരെ ന്യൂയോർക്കിൽ വച്ച് നടക്കുന്ന 'ക്ലിന്റൺ ഗ്ലോബൽ ഇനിഷ്യേറ്റീവ് 2023' സംഗമത്തിൽ സംബന്ധിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി. സന്ദേശത്തിൽ ഇന്നത്തെ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളെ പറ്റിയും, അവയെ അതിജീവിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പാപ്പാ അടിവരയിട്ടു പറഞ്ഞു.
പൊതുവായ നന്മ കൈവരിക്കുന്നതിനായി പരസ്പരസംഗമത്തിന്റെയും,സംഭാഷണത്തിന്റെയും,ശ്രദ്ധിക്കലിന്റെയും,ഉൾക്കൊള്ളേണ്ടതിന്റെയും ആവശ്യകത സൂചിപ്പിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്.
അതിനാൽ ഈ ലക്ഷ്യപ്രാപ്തിക്കായി പരസ്പരം നല്ല നല്ല ആശയങ്ങൾ കൈമാറുന്നത് ഏറെ ഉചിതമാണ്, പാപ്പാ അടിവരയിട്ടു പറഞ്ഞു. ലോകത്തിൽ ഇന്ന് നിലനിൽക്കുന്ന കാലാവസ്ഥാവ്യതിയാനം, മാനുഷികാടിയന്തരാവസ്ഥകൾ, അഭയാർത്ഥിപ്രശ്‌നങ്ങൾ, ശിശുസംരക്ഷണ അരക്ഷിതാവസ്ഥകൾ എന്നീ വെല്ലുവിളികൾ ചർച്ചചെയ്യുമ്പോൾ മൂന്നാം ലോകമഹായുദ്ധത്തിന്റെ കണങ്ങളെന്നോണം ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളെയും ഏറെ ഉത്കണ്ഠയോടെ നോക്കികാണണമെന്ന് പാപ്പാ എടുത്തു പറഞ്ഞു.
ഒറ്റയ്ക്ക് വെല്ലുവിളികളെ നേരിടാതെ കൂട്ടായ്മയിൽ ശക്തി കണ്ടെത്തുവാൻ എല്ലാവരും പരിശ്രമിക്കണമെന്നും,വിഘടിപ്പിക്കുന്ന ശക്തികളെ ഒറ്റക്കെട്ടായി ചെറുത്തുകൊണ്ട്, കീഴടക്കുന്നതിനു പകരം സമാധാനം പുനസ്ഥാപിക്കുവാൻ എല്ലാവരും തയ്യാറാവണമെന്നും പാപ്പാ അനുസ്മരിപ്പിച്ചു.
പലവിധമായ രോഗങ്ങളാൽ വലയുന്ന കുഞ്ഞുങ്ങളെയും പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിട്ടു സൂചിപ്പിച്ചു.സൗജന്യമായ ചികിത്സകൾ അനുവദിച്ചുകൊണ്ട് കുഞ്ഞുങ്ങളുടെ ആരോഗ്യം പരിരക്ഷിക്കുവാനും, രോഗങ്ങളുടെ ഉറവിടങ്ങൾ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങൾ തുടരുവാനും പാപ്പാ ആഹ്വാനം ചെയ്തു.
പാപ്പായുടെ ആശുപത്രി എന്നറിയപ്പെടുന്ന റോമിലെ ബംബിനോ ജെസു ആശുപത്രി നൽകുന്ന നിസ്വാർത്ഥമായ സേവനങ്ങളെയും പാപ്പാ എടുത്തു പറഞ്ഞു. ഇപ്രകാരം മറ്റു ആശുപത്രികളും പൊതുനന്മയ്ക്കായി പരിശ്രമിക്കണമെന്നും പാപ്പാ സന്ദേശത്തിന്റെ ഉപസംഹാരമായി പറഞ്ഞു.
© Copyright 2023. All Rights Reserved