നടനും നേതാവുമായ സുരേഷ് ഗോപി അപമര്യാദയായി പെരുമാറി എന്ന കേസിൽ മാധ്യമപ്രവർത്തകയുടെ മൊഴി രേഖപ്പെടുത്തി. നടക്കാവ് പൊലീസ് സ്റ്റേഷനിൽ വച്ചാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. ഒരുമണിക്കൂർ നീണ്ടുനിന്ന മൊഴിയെടുപ്പിൽ സുരേഷ് ഗോപിക്കെതിരായ പരാതിയിലെ കാര്യങ്ങൾ പരാതിക്കാരി ആവർത്തിച്ചു.
സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് നടക്കാവ് പൊലീസ് കേസെടുത്തത്. രണ്ട് വർഷം തടവോ അല്ലെങ്കിൽ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്. സംഭവം നടന്ന കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ എത്തി പൊലീസ് മഹസർ തയ്യാറാക്കി.
കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിന് ഇടയിലാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ കൈവച്ചത്. ഇത് ഒഴിവാക്കാൻ നീങ്ങി നിന്നെങ്കിലും വീണ്ടും തോളിൽ പിടിക്കുകയായിരുന്നു. പിന്നാലെ മാധ്യമപ്രവർത്തക സുരേഷ് ഗോപിയുടെ കൈ എടുത്തുമാറ്റി. സംഭവം ചർച്ചയായതിനു പിന്നാലെയാണ് പരാതി നൽകിയത്.
© Copyright 2023. All Rights Reserved