11 പ്രതികൾക്ക് നൽകിയ ശിക്ഷാ ഇളവ് റദ്ദാക്കിയ കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ബീൽക്കിസ് ബാനു കേസിൽ ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകി . 11 പ്രതികൾക്ക് നൽകിയ ശിക്ഷാ ഇളവ് റദ്ദാക്കിയ വിധിക്കെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. വിധിയിലെ ചില പരാമർശങ്ങൾ അനാവശ്യവും പ്രകടമായ പിഴവാണെന്നുമാണ് സംസ്ഥാനത്തിന്റെ വാദം.പ്രതികളിലെ മൂന്നാമനായ രാധേശ്യാം ഭഗവാൻദാസ് ഷായുമായി സർക്കാർ സഹകരിച്ചു പ്രവർത്തിച്ചുവെന്ന കോടതിയുടെ പരാമർശത്തെ അതിശയകമായ നിരീക്ഷണമെന്നാണ് റിവ്യു ഹർജിയിൽ ഗുജറാത്ത് സർക്കാർ വിശേഷിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത് സർക്കാർ വിവേചനാധികാരം ദുരുപയോഗം ചെയ്തു, അധികാരം കവർന്നെടുത്തു തുടങ്ങിയ പരാമർശങ്ങൾ വിധി പ്രസ്താവത്തിൽ സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിരുന്നു. പ്രതികളുടെ ഇളവ് അഭ്യർഥനയിൽ സർക്കാരിന് തീരുമാനമെടുക്കാമെന്ന 2022 മേയ് 13ലെ സുപ്രീംകോടതി ഉത്തരവ് പിന്തുടരുക മാത്രമാണ് ചെയ്തതെന്ന് ഹർജിയിൽ ഗുജറാത്ത് സർക്കാർ വ്യക്തമാക്കി. ഗുജറാത്ത് സർക്കാർ ബിൽക്കിസ് ബാനു കേസിലെ കുറ്റവാളികളുമായി ഒത്തു കളിച്ചു എന്നാണ് പരാമർശം. ഈ നിരീക്ഷണം അനാവശ്യവും കേസിന്റെ റെക്കോർഡിന് വിരുദ്ധവുമാണെന്ന് മാത്രമല്ല, ഗുരുതരമായ മുൻവിധി ഉണ്ടാക്കുകയും ചെയ്തു. ഈ പരാമർശം നീക്കണമെന്നുമാണ് ഗുജറാത്ത് സർക്കാരിന്റെ ആവശ്യം
© Copyright 2024. All Rights Reserved