തുടര്‍ച്ചയായ രണ്ടാം തവണയും പലിശ നിരക്കുകള്‍ 5.25 ശതമാനത്തില്‍ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനം കൈക്കൊണ്ടുകഴിഞ്ഞു. ഈ നിലയില്‍ ഏതാനും മാസങ്ങള്‍ കൂടി നിലനില്‍ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ചിന്ത. 5 ശതമാനത്തിന് മുകളില്‍ പലിശ നിരക്കുകള്‍ നിലനില്‍ക്കുമ്പോള്‍ ബിസിനസ്സ് പിടിക്കാന്‍ ബാങ്കുകള്‍ വ്യത്യസ്തമായ പ്രൊഡക്ടുകള്‍ രംഗത്തിറക്കുമെന്നാണ് മോര്‍ട്ട്‌ഗേജ് ബ്രോക്കര്‍മാര്‍ നല്‍കുന്ന സൂചന.
എന്നാല്‍ ഇത്തരം ഡീലുകള്‍ ഭവനഉടമകള്‍ക്കും, വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും എത്രത്തോളം ലാഭകരമാകുമെന്ന സംശയം അവശേഷിക്കുന്നു. ജൂലൈ മുതലാണ് യുകെയിലെ ലെന്‍ഡേഴ്‌സ് റേറ്റ് കുറച്ച് പുതിയ ഡീലുകള്‍ അവതരിപ്പിക്കാന്‍ തയ്യാറായത്. നിരക്ക് യുദ്ധം വിപണിയില്‍ അരങ്ങേറുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണകരമായതാണെങ്കിലും ലാഭം നഷ്ടപ്പെടാതിരിക്കാന്‍ ബാങ്കുകള്‍ ഉയര്‍ന്ന ഫീസ് ഈടാക്കുന്നത് തിരിച്ചടിയാകും.
വ്യാഴാഴ്ച ശരാശരി പുതിയ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് നിരക്ക് 5.87 ശതമാനത്തിലാണ് ലഭിക്കുന്നത്. ആഗസ്റ്റില്‍ 6.37 ശതമാനം വരെ ഉയര്‍ന്ന ശേഷമാണ് ഈ കുറവ്. സാന്‍ടാന്‍ഡര്‍ ഇപ്പോള്‍ 4.64 ശതമാനത്തില്‍ വരെ ഡീലുകള്‍ നല്‍കുന്നു. എന്നിരുന്നാലും ഈ നിരക്ക് കുറവിനിടയിലും വമ്പന്‍ ഫീസ് വര്‍ദ്ധനവാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 2024-ല്‍ ഏകദേശം 1.6 മില്ല്യണ്‍ ആളുകളുടെ മോര്‍ട്ട്‌ഗേജുകളുടെ കാലാവധി അവസാനിക്കും. ഇതോടെ നിരക്ക് കുറവാണെങ്കിലും ഉയര്‍ന്ന ഫീസില്‍ റീമോര്‍ട്ട്‌ഗേജ് ഉള്‍പ്പെടെ ചെയ്യേണ്ട അവസ്ഥ നേരിടും.
© Copyright 2023. All Rights Reserved