കുവൈത്ത് സിറ്റി: കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന്, രാജ്യത്തിന് ലഭിച്ച പിന്തുണയ്ക്ക് കുവൈത്തിന് നന്ദി അറിയിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. 'കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയുമായി സംസാരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കുവൈത്ത് പ്രകടിപ്പിച്ച ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും അദ്ദേഹത്തിന് നന്ദി പറഞ്ഞു' - ജയശങ്കര്‍ എക്സിൽ കുറിച്ചു.
അതേസമയം കുവൈത്ത് വിദേശകാര്യ മന്ത്രാലയവും അൽ-യഹ്യ, എസ് ജയശങ്കറുമായി ഫോണിൽ സംസാരിച്ചതായി ഒരു പ്രസ്താവനയിൽ അറിയിച്ചു. ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള മൊത്തത്തിലുള്ള അടുത്ത ഉഭയകക്ഷി ബന്ധം, വിവിധ മേഖലകളിൽ അവയെ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ചട്ടക്കൂടുകൾ, പ്രാദേശികവും അന്തർദേശീയവുമായ ഏറ്റവും പുതിയ സംഭവവികാസങ്ങൾ എന്നിവ സംഭാഷണത്തിൽ ചർച്ച ചെയ്തതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
© Copyright 2025. All Rights Reserved