പാക്കിസ്ഥാന്റെ ഭീകരതാവളങ്ങൾ തച്ചുതകർക്കാൻ ഇന്ത്യൻ സേന ഉപയോഗിച്ചത് സ്‌കാൽപ് മിസൈലുകളും ഹാമ്മർ ബോംബുകളുമെന്ന് റിപ്പോർട്ട്. 450 കിലോ പോർമുന വഹിച്ച് 300 കിലോമീറ്റർ ദൂരത്തിൽ പ്രഹരിക്കാൻ ശേഷിയുള്ളതാണ് റഫാലിൽനിന്നു തൊടുക്കുന്ന സബ്സോണിക്ക് സ്കാൽപ് മിസൈലുകൾ. ഇന്ത്യൻ വ്യോമമേഖലയിൽനിന്ന് നാവികസേനയുടെ പിന്തുണയോടെ ഇന്ത്യയുടെ കര, നാവിക വ്യോമസേനകൾ സംയുക്‌തമായാണ് പാക്ക് മണ്ണിലേക്ക് മിസൈലുകൾ വർഷിച്ച് ആക്രമണം അഴിച്ചുവിട്ടത്. പുലർച്ചെ 1.44 നടന്ന ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനിലെ ഒൻപത് ഭീകരകേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടത്.
സമുദ്രനിരപ്പിൽനിന്ന് 4,000 മീറ്റർ ഉയരത്തിലുള്ള ലക്ഷ്യങ്ങൾ തകർക്കാൻ സ്കാൽപ് മിസൈലുകൾക്കു ശേഷിയുണ്ട്. പോർവിമാനങ്ങളിൽനിന്ന് ഇവ തൊടുത്താൽ പിന്നീടു നിയന്ത്രിക്കാനോ ലക്ഷ്യം മാറ്റാനോ കഴിയില്ല. കമാൻഡ് സെന്ററുകൾ, എയർഫീൽഡുകൾ എന്നിവ തകർക്കാനാണ് ഇവ ഉപയോഗിക്കുന്നത്.
70 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ളവയാണ് ഹാമ്മറുകൾ അഥവാ ഹൈലി എജൈൽ മോഡുലാർ അമ്യുണിഷൻ എക്സറ്റൻഡഡ് റേഞ്ച്. എയർ-ടു-ഗ്രൗണ്ട് യുദ്ധോപകരണമായ ഹാമ്മർ 125 കിലോഗ്രാം മുതൽ 1000 കിലോഗ്രാം വരെ ഭാരമുള്ള സാധാരണ ബോംബുകളിൽ ഘടിപ്പിക്കാവുന്ന ഒരു മോഡുലാർ കിറ്റാണിത്. ജിപിഎസ്, ഇൻഫ്രാറെഡ്- ലേസർ രശ്‌മികൾ എന്നിവ ഘടിപ്പിച്ചിരിക്കുന്നതിനാൽ അതിൻ്റെ സഹായത്താൽ കൂറ്റൻ ലക്ഷ്യങ്ങളെ വളരെ വേഗം ഭേദിക്കാൻ സാധിക്കും. റാഫേൽ വിമാനങ്ങളിൽ ഒരുസമയം ആറ് ഹാമ്മറുകൾ വരെ വഹിക്കാനാകും.
© Copyright 2025. All Rights Reserved