വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബർമിംഗ്ഹാം കൗൺസിൽ 10% കൗൺസിൽ ടാക്‌സ് ഉയർത്തുന്നു. രണ്ട് വർഷം കൊണ്ട് 300 മില്ല്യൺ പൗണ്ട് സമാഹരിക്കാനാണു നീക്കം. എങ്ങിനെയും പണം കണ്ടെത്താനാണു കൗൺസിൽ ടാക്‌സ് ബില്ലുകൾ 10% വർദ്ധിപ്പിച്ച് ജനങ്ങളിൽ നിന്ന് തന്നെ പണം കണ്ടെത്താനുള്ള ശ്രമം. ഇതുവഴി രണ്ട് വർഷം കൊണ്ട് 300 മില്ല്യൺ പൗണ്ട് സ്വരൂപിക്കാമെന്നാണ് അധികാരികളുടെ കണക്കുകൂട്ടൽ.
ശരാശരി ബാൻഡ് ഡി പ്രോപ്പർട്ടികൾക്ക് 190.57 പൗണ്ടാണ് അധികമായി കൗൺസിൽ ടാക്‌സ് അടയ്‌ക്കേണ്ടി വരിക. സ്വയം പാപ്പരായെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ കൗൺസിൽ ഇത് മറികടന്നുള്ള നടപടികൾ കൈക്കൊണ്ടാലും അത്ഭുതം വേണ്ടെന്നാണ് ലോക്കൽ ഗവൺമെന്റ് വിദഗ്ധരുടെ പക്ഷം. സെപ്റ്റംബറിലാണ് ലേബർ ഭരണം കൈയാളുന്ന കൗൺസിൽ സെക്ഷൻ 114 നോട്ടീസ് പുറപ്പെടുവിച്ചത്. 760 മില്ല്യൺ പൗണ്ടിന് തുല്യമായ ബില്ലും, ഒരു ഐടി പ്രൊജക്ടിൽ 80 മില്ല്യൺ പൗണ്ട് അധിക ചെലവും വന്നതോടെയാണ് കൗൺസിലിന്റെ അടിതെറ്റിയത്.
ലോക്കൽ ഗവൺമെന്റ് ഫിനാൻസ് ആക്ട് 1988 പ്രകാരമുള്ള നോട്ടീസ് പ്രസിദ്ധീകരിച്ചതോടെ പുതിയ ചെലവാക്കലുകൾ പ്രഖ്യാപിക്കാൻ ഇനി കൗൺസിലിന് സാധിക്കില്ല. 2023/24 വർഷം 87.4 മില്ല്യൺ പൗണ്ടിന്റെ അധിക ചെലവാണ് കൗൺസിൽ നേരിടുന്നത്. 2025/26 വർഷത്തോടെ ബജറ്റിൽ 300 മില്ല്യൺ പൗണ്ടിന്റെ കുറവും നേരിടണം. ഇതോടെയാണ് കൗൺസിൽ ടാക്‌സ് ഉയർത്താനുള്ള പദ്ധതിയുമായി ബർമിംഗ്ഹാം കൗൺസിൽ മുന്നോട്ട് വരുന്നത്.
എന്നാൽ 5 ശതമാനത്തിന് മുകളിൽ ടാക്‌സ് വർദ്ധിപ്പിക്കാൻ ഹിതപരിശോധന ആവശ്യമാണ്. ഇതിന്റെ ഭാഗമായി സർക്കാർ അംഗീകാരം തേടാൻ കൗൺസിൽ അപേക്ഷ സമർപ്പിച്ചു. 114 നോട്ടീസ് പുറപ്പെടുവിച്ച കൗൺസിലുകൾക്ക് 10% കൗൺസിൽ ടാക്‌സ് വർദ്ധിപ്പിക്കാൻ അനുമതി ലഭിക്കാറുണ്ട്. കഴിഞ്ഞ മാസം ലേബർ നേതൃത്വത്തിലുള്ള നോട്ടിംഗ്ഹാം കൗൺസിലും പാപ്പരായി പ്രഖ്യാപിച്ചിരുന്നു.
© Copyright 2024. All Rights Reserved