പായ്‌വഞ്ചിയിൽ ലോകം ചുറ്റി ചരിത്രം കുറിക്കാൻ ഒരു മലയാളി വനിത കൂടി. മുംബൈ മലയാളിയായ ധന്യ പൈലോയാണ് ഇംഗ്ലണ്ടിലെ സതാംപ്ടനിൽനിന്ന് ആരംഭിച്ച ഓഷ്യൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ പങ്കെടുക്കുന്നത്. ധന്യയ്ക്കൊപ്പം ഇന്ത്യൻ നാവികസേന കമാൻഡറായ പായൽ ഗുപ്ത ഉൾപ്പെടെ 12 വനിതകളാണ് യുകെയിൽ റജിസ്റ്റർ ചെയ്ത ‘മെയ്ഡൻ’ എന്ന പായ്‌വഞ്ചിയിലുള്ളത്.
നാലു പാദങ്ങളിലായി കടലിലൂടെ ലോകം ചുറ്റിവരുന്ന സാഹസിക പായ്‌വഞ്ചിയോട്ടമാണ് ഓഷ്യൻ ഗ്ലോബ് റേസ്. സെപ്റ്റംബർ 10ന് സതാംപ്ടനിൽനിന്ന് ആരംഭിച്ച റേസിന്റെ ആദ്യപാദം ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ സമാപിച്ചു. ന്യൂസീലൻഡിലെ ഓക്‌ലൻഡിലേക്കുള്ള രണ്ടാം പാദം ഇന്ന് ആരംഭിച്ചു . തുടർന്ന് യുറഗ്വായ് തീരം വഴി സതാംപ്ടനിലെ ഫിനിഷിങ് ലൈനിൽ എത്തുന്ന വിധത്തിലാണ് റേസ്.
3 വിഭാഗങ്ങളിലായി 14 ബോട്ടുകളാണ് മത്സരത്തിലുള്ളത്. ഇതിൽ, വനിതകൾ മാത്രമുള്ള ടീമാണ് മെയ്‌ഡൻ എന്ന ബോട്ടിലെന്നു കേപ്ടൗണിൽനിന്ന് ധന്യ പൈലോ ‘മാധ്യമങ്ങളോട് പറഞ്ഞു. ഫിലിം മേക്കറും ഡിസൈനറുമായ ധന്യ പൈലോ പായ്‌വഞ്ചിയോട്ടത്തിൽ മുൻപ് ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ റിട്ടയേഡ് നാവികസേന കമാൻഡർ രാജീവ് പൈലോയുടെ മകളായ ധന്യ മുംബൈയിൽ നേവിയുടെ സെയ്‌ലിങ് ക്ലബ്ബിൽനിന്നാണ് പായ്‌വഞ്ചിയോട്ടത്തിൽ പരിശീലനം നേടിയത്.
© Copyright 2023. All Rights Reserved