പാസ് വേർഡ് ഷെയർ ചെയ്ത് ഒന്നിലധികം പേർ സിനിമ അടക്കം കാണുന്നത് തടയാൻ കൊണ്ടുവന്ന നിയന്ത്രണം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിന് ഗുണം ചെയ്തതായി കണക്ക്. 2024 വർഷത്തെ ആദ്യ പാദത്തിൽ നെറ്റ്ഫ്‌ളിക്‌സിന് 93 ലക്ഷം പുതിയ വരിക്കാരെയാണ് ലഭിച്ചത്. മുൻ വർഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് അഞ്ചു മടങ്ങ് വർധനയാണ് ഉണ്ടായത്. ഈ വർഷത്തെ ആദ്യ പാദത്തിൽ 17 ലക്ഷം വരിക്കാരെ അധികം ചേർക്കാനായതായി നെറ്റ്ഫ്‌ളിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. ആഗോള തലത്തിലെ കണക്കാണിത്.
-------------------aud--------------------------------fcf308
2023ലാണ് പാസ് വേർഡ് ഷെയർ ചെയ്ത് ഒന്നിലധികം പേർ ഷോ കാണുന്നത് തടയാൻ നെറ്റ്ഫ്‌ളിക്‌സ് നടപടി ആരംഭിച്ചത്. അമേരിക്കയിലും കാനഡയിലും കൂടുതൽ വരിക്കാരെ ചേർക്കാൻ കഴിഞ്ഞതാണ് വളർച്ചയ്ക്ക് സഹായകമായതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യ പസഫിക് മേഖലയിൽ 20 ലക്ഷം പുതിയ വരിക്കാരെയാണ് നെറ്റ്ഫ്‌ളിക്‌സിന് ലഭിച്ചത്. നിലവിൽ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിന്റെ മൊത്തം വരിക്കാരുടെ എണ്ണം 26.9 കോടിയായാണ് ഉയർന്നത്. ജനുവരി- മാർച്ച് പാദ കണക്കനുസരിച്ചാണിത്. മുൻപത്തെ പാദത്തിൽ ഇത് 26 കോടി മാത്രമായിരുന്നു. വരുമാനത്തിലും ഇക്കാലയളവിൽ വർധനയുണ്ടായി. 14.8 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ലാഭത്തിൽ 78.7 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയതായും നെറ്റ്ഫ്‌ളിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു.
© Copyright 2024. All Rights Reserved