ബ്രിട്ടനിലെ ഇന്ത്യൻ സമൂഹം ശക്തമായ ഒരു വിഭാഗമാണ്. ലേബർ പാർട്ടി പലപ്പോഴും ഇന്ത്യൻ വിഭാഗങ്ങളേക്കാൾ ഏകപക്ഷീയ വോട്ട് ബാങ്കായി പ്രവർത്തിക്കുന്ന പാകിസ്ഥാനി വിഭാഗങ്ങളെ കേന്ദ്രീകരിച്ച് നീങ്ങുന്നത് പതിവാണ്. എന്നാൽ കീർ സ്റ്റാർമർ ഈ വിഷയത്തിലും മാറ്റം വരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പാർട്ടിയിലെ ഇന്ത്യാവിരുദ്ധ നിലപാടുകളെ പുറംതള്ളുമെന്നാണ് യുകെയിലെ പ്രതിപക്ഷ പാർട്ടിയുടെ പ്രഖ്യാപനം.
-------------------aud--------------------------------
പാർട്ടി നേതൃത്വത്തിലും, പാർട്ടി നിലപാടുകളിലുമുള്ള ഇന്ത്യാവിരുദ്ധതയെ പുറത്താക്കുകയും, ഇന്ത്യയിലെ നരേന്ദ്ര മോദി ഗവൺമെന്റുമായി ഏറ്റവും ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കുകയും ചെയ്യുമെന്നാണ് ലേബർ നിലപാട്. ഇന്ത്യൻ സമൂഹത്തിന്റെ വോട്ട് പിടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജൂലൈ 4 പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനാകിന്റെ ഗവൺമെന്റിനെ ലേബർ പാർട്ടി നിലത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് ലേബർ മുൻ നേതാവ് ജെറമി കോർബിന്റെ വാർഷിക കോൺഫറൻസ് പരാമർശം 2019 തെരഞ്ഞെടുപ്പിൽ ബ്രിട്ടീഷ് ഇന്ത്യൻ വോട്ടർമാർ തിരിച്ചടിക്കാൻ കാരണമായെന്ന് നേരത്തെ വ്യക്തമായിരുന്നു.
കൂടാതെ ചില ലേബർ കൗൺസിലർമാരുടെ ഖലിസ്ഥാൻ അനുകൂല നിലപാടും പ്രതിഷേധത്തിന് ഇടയാക്കുന്നു. എന്നാൽ ഇത്തരം തീവ്ര നിലപാടുകൾ ഉള്ളവരെ പാർട്ടി നേതൃസ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കാൻ കീർ സ്റ്റാർമറിന് സാധിച്ചിട്ടുണ്ടെന്നാണ് ലേബർ പാർട്ടി ചെയറും, ഷാഡോ സെക്രട്ടറി ഓഫ് സ്റ്റേറ്റുമായ അനെലിയെസ് ഡോഡ്‌സിന്റെ പ്രതികരണം.
അതേസമയം കൺസർവേറ്റീവ് പാർട്ടിയുടെ ഇന്ത്യാ അനുകൂല നിലപാടും, ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയെ തന്നെ നിയോഗിച്ചതുമാണ് ലെവലിംഗ് അപ്പ് ഡിപ്പാർട്ട്‌മെന്റ് മന്ത്രി ഫെലിസിറ്റി ബുക്കാൻ നേട്ടമായി ഉയർത്തിക്കാണിക്കുന്നത്. യുകെയിലെ 1.8 മില്ല്യൺ വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ വോട്ടുകൾ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാണ്.
© Copyright 2024. All Rights Reserved