ആംആദ്മി പാർട്ടിയുമായുള്ള സഖ്യം പിരിയുകയാണെന്ന സാബു ജേക്കബിന്റെ പ്രഖ്യാപനത്തെ തുടർന്ന് ട്വന്റി ട്വന്റിയെ അനുനയിപ്പിക്കാൻ ദേശീയ നേതൃത്വം. ആംആദ്മി പാർട്ടിയ്ക്ക് സഖ്യം തുടരാൻ താത്പര്യം ഉണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള സംഘടന സെക്രട്ടറി അജയ് രാജ് പറഞ്ഞു. ഇതിനായി തുടർചർച്ചകൾക്കുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നും അജയ് കൂട്ടിച്ചേർത്തു. ചർച്ചയിലൂടെ സാബു ജേക്കബിനെ അനുനയിപ്പിക്കാനാണ് എഎപി നീക്കം.
ആംആദ്മി പാർട്ടിയുടെ വാതിൽ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണ്. സാബു ജേക്കബിന്റെ ഏകപക്ഷീയമായ തീരുമാനമാണ് സഖ്യം അവസാനിപ്പിക്കുന്നതിന് പിന്നിൽ. ട്വന്റി ട്വന്റിയുമായി തങ്ങൾക്ക് വലിയ അവസരം കേരളത്തിലുണ്ടെന്നും സാബുവിന്റെ മറുപടിയ്ക്കായി അരവിന്ദ് കെജ്രിവാൾ കാത്തിരിക്കുന്നതായും അജയ് രാജ് വ്യക്തമാക്കി.തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ട്വന്റി ട്വന്റിയും ആംആദ്മി പാർട്ടിയും കേരളത്തിൽ സഖ്യത്തിലേർപ്പെട്ടത്. പീപ്പിൾസ് വെൽഫയർ അലയൻസ് എന്ന് പേരിട്ട സഖ്യത്തിന്റെ പ്രഖ്യാപനം അരവിന്ദ് കെജരിവാൾ കൊച്ചിയിൽ നേരിട്ടെത്തിയായിരുന്നു. എന്നാൽ സഖ്യം പരാജയപ്പെട്ടെന്ന് കാട്ടിയാണ് ആംആദ്മി പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സാബു തീരുമാനിച്ചത്.
© Copyright 2024. All Rights Reserved