ബ്ലാസ്റ്റ് ഫർണസിൽ നിന്നും ഇലക്ട്രിക് ഫർണസിലേയ്ക്ക് മാറുമ്പോഴുള്ള സൗത്ത് വെയ്ൽസിലെ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ തൊഴിൽ നഷ്ടപ്പെടുന്നത് 2800 പേർക്ക്; പാർലമെന്റ് എം പിമാരെ സ്വാധീനിച്ച് തൊഴിൽ നഷ്ടം കുറയ്ക്കുവാൻ പ്ലാന്റിലെ തൊഴിലാളികൾ ലണ്ടനിൽ
ടാറ്റാ സ്റ്റീൽസ് പ്രകൃതി സൗഹാർദ്ദപരമായ ഉരുക്കു നിർമ്മാണത്തിലേക്ക് കടക്കുന്നതോടെ 2800 പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ, തൊഴിൽ നഷ്ടം പരമാവധി കുറയ്ക്കുന്നതിനായി ഇടപെടലുകൾ നടത്താൻ എം പിമാരോട് ആവശ്യപ്പെടുന്നതിനായി ടാറ്റാ സ്റ്റീലിലെ ജീവനക്കാർ വെസ്റ്റ്മിനിസ്റ്ററിലെത്തി. ജോലി നഷ്ടപ്പെട്ടാൽ വേറെ എവിടെ ജോലി ലഭിക്കും എന്നതാണ് തൊഴിലാളികളെ ഏറെ ആശങ്കയിലാഴ്ത്തുന്നത്.
അതിനിടയിൽ, ടാറ്റാ വിഷയം സംസാരിക്കാൻ താൻ കഴിഞ്ഞയാഴ്ച്ച പ്രധാനമന്ത്രി ഋഷി സുനകിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെന്നും അദ്ദേഹം ഫോൺ എടുക്കാത്തതിൽ വിഷമമുണ്ടെന്നും വെയ്ൽസ് ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡേവിസ് പറഞ്ഞു. ഉരുക്കു നിർമ്മാണ മേഖലയുടെ ഭാവിയെ കുറിച്ച് ജനപ്രതിസഭയിൽ ചർച്ച നടക്കുന്നതിന്റെ മുന്നോടിയായി ലേബർ നേതാവ് സർ കിയർ സ്റ്റാർമർ ഉരുക്കു നിർമ്മാണശാല തോഴിലാളിയൂണിയൻ നേതാക്കളുമായി ചർച്ച നടത്തി.
കാർഡിഫ് ബേയിലെ ടാറ്റ പ്ലാനിനെ കുറിച്ചും നേതാക്കൾ സ്റ്റാർമറുമായി സംസാരിച്ചു എന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം, നിലവിലെ പ്രവർത്തനം സാമ്പത്തികമായി നല്ല രീതിയിൽ അല്ല എന്നും അതിനാലാണ് പ്രകൃതിസൗഹാർദ്ദ രീതിയിലേക്ക് മാറുന്നതെന്നും ടാറ്റ വക്താവ് പറഞ്ഞു. 1.25 ബില്യൻ പദ്ധതിയിൽ ഉൾപ്പെടുത്തി ടാറ്റ പുതിയ ഇലക്ട്രിക് ഫർണസ് പണിയുമെന്നും വക്താവ് അറിയിച്ചിരുന്നു. ഇതിൽ 500 മില്യൻ പൗണ്ട് ബ്രിട്ടീഷ് സർക്കാർ നൽകുന്നതാണ്.
എന്നാൽ, സ്‌ക്രാച്ചിൽ നിന്നുള്ള വിർജിൻ സ്റ്റീൽ എന്നറിയപ്പെടുന്ന സ്റ്റീലിന്റെ നിർമ്മാണം കമ്പനി ഈ വർഷം നിർത്തലാക്കും. ഇതാണ് നിരവധി പേരുടെ തൊഴിൽ നഷ്ടത്തിലേക്ക് നയിക്കുന്നത്. എല്ലാ പ്രായത്തിലുള്ളവരുടെയും തൊഴിൽ സംരക്ഷിക്കണമെന്ന് കഴിഞ്ഞ 42 വർഷമായി പോർട്ട് ടബോട്ടിൽ ജീവനക്കാരനായ മാർക്ക് ഡേവിസ് ആവശ്യപ്പെടുന്നു. അടുത്ത തലമുറക്കും ഇവിടെ നല്ലൊരു ജീവിതം സുസാദ്ധ്യമാക്കണം എന്നും ആവശ്യപ്പെടുന്നു. മാർക്കി ഡേവിസിന്റെ 28 കാരനായ മകനും ടാറ്റാ സ്റ്റീലിൽ തന്നെ കോൾഡ് മില്ലിലാണ് ജോലി ചെയ്യുന്നത്. തൊഴിൽ നഷ്ടപ്പെട്ടാൽ പിന്നെ വേറെ എവിടെ ജോലി ലഭിക്കും എന്നതറിയാതെ കടുത്ത ആശങ്കയിലാണ് മകനെന്നും അയാൾ പറഞ്ഞു.
ടാറ്റാ സ്റ്റീലിന്റെ പദ്ധതി നടപ്പാക്കുന്നതിനെതിരെ ലേബർ പാർട്ടി കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാർക്ക് ഡേവിസ് പറഞ്ഞു. നിലവിലെ ഉദ്പാദന പ്രക്രിയ തുടർന്നു കൊണ്ടു പോകുമ്പോൾ തന്നെയാണ് കമ്പനി പുതിയ നിർമ്മാണം നടത്തുക. തൊഴിലാളികളുടെ ആശങ്ക പാർലമെന്റിനെ അറിയിക്കണം എന്നാണ് ദീർഘകാലമായി ഇവിടെ ജോലി ചെയ്യുന്നവർ ആവശ്യപ്പെടുന്നത്. തങ്ങളേയും തങ്ങളുടെ തൊഴിൽ മേഖലയേയും എറിഞ്ഞു കളയാൻ സർക്കാരിന് എങ്ങനെ മനസ്സു വന്നു എന്ന് മറുപടി കേൾക്കണം എന്നും അവർ പറയുന്നു.
പോർട്ട് ടാബോട്ടിലെ 2800 പേർക്ക് പുറമെ ടാറ്റയുടെ ലാൻവെൻ സൈറ്റിലും 300 പേർക്ക് തൊഴിൽ നഷ്ട്പ്പെടും. ന്യു പോർട്ടിലെ ഈ സൈറ്റിൽ വരുന്ന മൂന്ന് വർഷങ്ങൾ കൊണ്ടായിരിക്കും 300 പേർക്ക് തൊഴിൽ നഷ്ടപ്പെടുക. അതിനിടയിൽ, യു കെ മന്ത്രിമാരും ടാറ്റയും ഈ പദ്ധതി ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോചിക്കണം എന്ന് ലേബർ പാർട്ടിയുടെ ബിസിനസ്സ് വക്താവ് ജോനാഥൻ റെയ്നോൾഡ്സ് ജനപ്രതിനിധി സഭയിൽ ആവശ്യപ്പെട്ടു.
സ്വന്തം ആവശ്യത്തിന് ഉരുക്കു നിർമ്മിക്കാൻ കഴിയാത്ത, ലോകത്തിലെ വൻ സാമ്പത്തിക ശക്തികളിൽ ഒന്നായി മാറും യു കെ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ടാറ്റയുടെ വിഷയം ഉയർന്ന വന്ന ഉടൻ തന്നെ പ്രധാനമന്ത്രി വെയ്ൽസ് ഫസ്റ്റ് മിനിസ്റ്ററുമായി സംസാരിക്കാതിരുന്നത് തെറ്റായെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
© Copyright 2024. All Rights Reserved