ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഭീകരവാദിയെന്ന് വിളിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവനീത് സിങ് ബിട്ടു. അമേരിക്കൻ സന്ദർശനത്തിൽ സിഖുകാരെക്കുറിച്ച് രാഹുൽ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് പ്രതികരണം.
-----------------------------
'രാഹുൽ ഇന്ത്യക്കാരനല്ലെന്നും രാജ്യത്തെ ഒന്നാം നമ്പർ ഭീകരവാദിയാണെന്നും രാജ്യദ്രോഹികൾ അദ്ദേഹത്തിന് പിന്തുണ നൽകുന്നുണ്ടെന്നും' രവനീത് സിങ് ബിട്ടു ആരോപിച്ചു. രാഹുൽ കൂടുതൽ സമയവും ഇന്ത്യക്ക് പുറത്താണെന്നും വിദേശത്ത് സുഹൃത്തുക്കളുണ്ടെന്നും ബിജെപി മന്ത്രി ആരോപിച്ചു. രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് രാഹുലെന്നും രാഹുലിനെ പിടികൂടുന്നവർക്ക് പ്രതിഫലം പ്രഖ്യാപിക്കണമെന്നും ബിട്ടു പരിഹസിച്ചു. 'നേരത്തെ, അവർ മുസ്ലീങ്ങളെ ഉപയോഗിക്കാൻ ശ്രമിച്ചു, പക്ഷേ അത് നടന്നില്ല, ഇപ്പോൾ അവർ സിഖുകാരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. രാഹുൽ ഗാന്ധിക്ക് മുമ്പ് പിടികിട്ടാപുള്ളികളാണ് ഇത്തരം പ്രസ്താവനകൾ നടത്തിയിരുന്നത്.ഭീകരവാദികളാണ് രാഹുലിന്റെ പരാമർശത്തെ അഭിനന്ദിക്കുന്നത്. അദ്ദേഹം രാജ്യത്തെ ഒന്നാം നമ്പർ തീവ്രവാദിയാണ്, എന്റെ അഭിപ്രായത്തിൽ, രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവിനെ പിടികൂടുന്നതിൽ പ്രതിഫലം നൽകണമെങ്കിൽ അത് രാഹുൽ ഗാന്ധിയാണ്,'' രവനീത് സിങ് ബിട്ടു പറഞ്ഞു.
മൂന്ന് ദിവസത്തെ യു.എസ് സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി രാജ്യത്ത് വർധിച്ചുവരുന്ന മതപരമായ അസഹിഷ്ണുതയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
© Copyright 2024. All Rights Reserved