പ്രായമായ മാതാപിതാക്കൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താൽ സ്വന്തം കാര്യങ്ങൾ എങ്ങനെയെങ്കിലും നടത്തിക്കൊണ്ടുപോയാലും മക്കളുടെ ഉത്തരവാദിത്വം ഇല്ലാതാകുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
-------------------aud----------------------------
മലപ്പുറം വളാഞ്ചേരി സ്വദേശിയായ എഴുപത്തിനാലുകാരന് ആൺമക്കൾ മാസം തോറും 20,000 രൂപ നൽകണമെന്ന ഉത്തരവിലാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്. ഹർജിക്കാരന് വിവിധ അസുഖങ്ങൾ ഉണ്ടെന്നതും കോടതി കണക്കിലെടുത്തു.
പിതാവിനെ സംരക്ഷിക്കുകയെന്നത് സ്‌നേഹം, നന്ദി, ബഹുമാനം തുടങ്ങിയവയിൽ നിന്നുമുളവാകുന്ന ധാർമിക ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. മക്കളെ കഷ്ടപ്പട്ടു വളർത്തുന്ന പിതാവിനെ വാർധക്യത്തിൽ സംരക്ഷിക്കാൻ ആൺമക്കൾ ബാധ്യസ്ഥരാണ്. ധാർമിക ചുമതല എന്നതിലുപരി നിയമപരമായ ഉത്തരവാദിത്തവുമാണിത്. മതഗ്രന്ഥങ്ങളും സാംസ്‌കാരിക പാരമ്പര്യവും നിയമവ്യവസ്ഥയും മക്കൾ, പ്രത്യേകിച്ച് ആൺ മക്കൾ, വാർധക്യത്തിലെത്തിയ മാതാപിതാക്കളെ സംരക്ഷിക്കണമെന്ന അടിവരയിടുന്നു. ഇക്കാര്യത്തിൽ വിശുദ്ധ ഗ്രന്ഥങ്ങൾ നിഷ്‌കർഷിക്കുന്നത് കോടതി ചൂണ്ടിക്കാട്ടി. പിതാവിന് സ്വന്തം നിലയ്ക്ക് ജീവിക്കാനാകുമെന്ന മക്കളുടെ വാദം അംഗീകരിച്ച് തിരൂർ കുടുംബക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. പ്രായാധിക്യം മൂലം ജോലി ചെയ്യാനാവുന്നില്ലെന്നും കുവൈത്തിൽ നല്ല രീതിയിൽ ജീവിക്കുന്ന മക്കളിൽ നിന്ന് സഹായം വേണമെന്നുമായിരുന്നു ആവശ്യം. 2013ൽ ആദ്യഭാര്യയെ തലാഖ് ചൊല്ലിയ ഇദ്ദേഹം രണ്ടാം ഭാര്യയ്‌ക്കൊപ്പമാണ് താമസം.
© Copyright 2024. All Rights Reserved