റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ്റെ വിമർശകനും പ്രതിപക്ഷ നേതാവുമായ അലക്സി നവാൽനിയെ ജയിലിൽ നിന്ന് കാണാതായി. അദ്ദേഹത്തെ എവിടേക്കാണ് മാറ്റിയത് എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് സഹപ്രവർത്തകർ പറയുന്നത്. മോസ്കോയിലെ അതീവ സുരക്ഷ ജയിലിൽ തടവുകാരനായിരുന്നു നവാൽനി. കഴിഞ്ഞ ആറുദിവസമായി നവാൽനിയെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നാണ് സഹപ്രവർത്തകർ അറിയിച്ചത്. എവിടേക്കാണ് അവർ അദ്ദേഹത്തെ കൊണ്ടുപോയതെന്ന് പറയാൻ വിസമ്മതിക്കുകയാണെന്നും സഹപ്രവർത്തകൻ എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
റഷ്യൻ പ്രസിഡൻ്റ് തെരഞ്ഞടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെയാണ് നവാൽനിയുടെ തിരോധാനം. 'ഈ തെരഞ്ഞെടുപ്പിൽ തൻ്റെ പ്രധാന എതിരാളി ആരാണെന്നത് പുടിന് അറിയാവുന്ന കാര്യമാണ്. നവാൽനിയുടെ ശബ്ദം കേൾക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു.'-സഹപ്രവർത്തകൻ പറയുന്നു.
47 കാരനായ നവാൽനി, തീവ്രവാദം ഉൾപ്പെടെയുള്ള കൃത്യങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 30 വർഷത്തിലേറെ തടവ് അനുഭവിക്കുകയാണ്. എന്നാൽ ഈ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് നവാൽനിയും അനുയായികളും ആരോപിക്കുന്നു. ഒരു തീവ്രവാദ സംഘടന സ്ഥാപിക്കുകയും അതിന് ധനസഹായം നൽകുകയും ചെയ്തെന്ന കുറ്റത്തിന് ഇക്കഴിഞ്ഞ ഏപ്രിലിൽ നവാൽനിക്ക് കോടതി 19 വർഷം കൂടി തടവ് വിധിച്ചിരുന്നു. വഞ്ചനാക്കുറ്റത്തിനടക്കം നിലവിൽ പതിനൊന്നര വർഷത്തെ തടവ് ശിക്ഷ അനുവഭിച്ചുവരികയാണ് അദ്ദേഹം.
© Copyright 2024. All Rights Reserved