'മെർക്ക് & കോ'യുടെ കോവിഡ്-19 ആന്റിവൈറലുകൾ ചൈനയിൽ വീണ്ടും സജീവ ചർച്ചയാകുന്നു. കൊറോണയുടെ വ്യാപനമോ പുതിയ വൈറസിൻ്റെ വ്യാപനമോ ഒന്നുമല്ല കാരണം. മനുഷ്യന് നൽകുന്ന ഈ മരുന്ന് പൂച്ചകൾക്കാണ് അവയുടെ ഉടമകൾ നൽകുന്നത്. പൂച്ചകളെ ബാധിക്കുന്ന കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗത്തിനുള്ള മറുമരുന്നായാണ് ഉപയോഗം. ഇതാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച.
-------------------aud-------------------------------
പൂച്ചകളെ ബാധിക്കുന്ന ഫെലൈൻ ഇൻഫെക്ഷ്യസ് പെരിടോണിറ്റിസ് ചികിത്സിക്കാനായാണ് ആളുകൾ മെർക്കിൻ്റെ 'ലാഗെവ്രിയോ' എന്ന മരുന്ന് ഉപയോഗിക്കുന്നത്. പൂച്ചകളെ ബാധിക്കുന്ന എളുപ്പത്തിൽ ചികിത്സ ലഭ്യമല്ലാത്ത മാരകമായ രോഗമാണിത്. പ്രാദേശിക മാധ്യമമായ ജിമിയൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കോവിഡിനെതിരെയുള്ള ആദ്യ ആൻ്റിവൈറൽ ഗുളികയായിരുന്നു ഇത്. ബ്രിട്ടണാണ് മരുന്നിന് ആദ്യമായി അംഗീകാരം നൽകിയത്. ഇൻസ്റ്റഗ്രാമിൻ്റെ ചൈനീസ് പതിപ്പായ 'സിയാവോഹോങ്‌ഷു'വിൽ വളർത്തുമൃഗ പ്രേമികളുടെ ചൂടുള്ള ചർച്ചയാണ് ഈ വിഷയം. നിരവധി പേരാണ് ഈ മരുന്ന് അവരുടെ വളർത്തുപൂച്ചയെ എങ്ങനെ രക്ഷിച്ചുവെന്ന് ചർച്ച ചെയ്യുന്നത്. 'മനുഷ്യർക്കുള്ള കോവിഡ്-19 മരുന്നുകൾ എന്റെ പൂച്ചയുടെ ജീവൻ രക്ഷിച്ചു.' എന്നാണ് ഒരു യൂസർ സിയാവോഹോങ്‌ഷുവിൽ കുറിച്ചത്. മെർക്കിൻ്റേതിനു പുറമേ തദ്ദേശീയ കമ്പനികൾ വികസിപ്പിച്ചെടുത്ത സമാന മരുന്നുകളും ആളുകൾ ഇതിനുപിന്നാലെ ഉപയോഗിക്കുന്നുണ്ട്.
പൂച്ചകളെ ബാധിക്കുന്ന കൊറോണ വൈറസ് വകഭേദമാണ് ഫെലൈൻ ഇൻഫെക്ഷ്യസ് പെരിടോണിറ്റിസ്. വെളുത്ത രക്താണുക്കളെയാണ് വൈറസ് ആദ്യം ബാധിക്കുക. ചികിത്സ നൽകിയില്ലെങ്കിൽ ഈ രോഗം മാരകമാണ്. എന്നാൽ മനുഷ്യരിലേക്കോ മറ്റു വളർത്തു മൃഗങ്ങളിലേക്കോ ഇത് പകരില്ല. അടുത്ത കാലം വരെ ഇതിന് പ്രത്യേക ചികിത്സയൊന്നും ലഭ്യമായിരുന്നില്ല. ചില ആൻ്റിവൈറൽ മരുന്നുകൾ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അവ വ്യാപകമായി ലഭ്യമല്ല. ഗിലിയഡ് സയൻസസ് വികസിപ്പിച്ചെടുത്ത GS-441524ക്ക് അംഗീകാരം ലഭിക്കാത്തതിനാൽ അവ ബ്ലാക്ക് മാർക്കറ്റ് വഴി ആളുകൾ വാങ്ങിയിരുന്നു.
© Copyright 2024. All Rights Reserved