പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ അഡ്മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തി പാല രൂപത. പൂഞ്ഞാർ ഫെറോനയുടെ അഡ്മിനിസ്‌ട്രേറ്ററായി തോമസ് പനക്കക്കുഴിയാണ് ബിഷപ്പ് കല്ലറങ്ങാട്ട് നിയോഗിച്ചിരിക്കുന്നത്. വൈദികനെ ആക്രമിച്ച സംഭവത്തിൽ സഭ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് പുതിയ നീക്കം.
ഇതോടെ രൂപത കേസിൽ നേരിട്ട് ഇടപെടുമെന്ന സൂചനയാണ് നൽകിയിരിക്കുന്നത്. നിലവിലെ വികാരിക്ക് പ്രായാധിക്യം മൂലമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് ഇന്നലെ പാല രൂപതയിൽ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിൻ്റെ നേതൃത്വത്തിൽ കൂടിയ യോഗമാണ് അഡ്മിനിസ്‌ട്രേറ്റർ ഭരണത്തിന് തീരുമാനിച്ചത്. ഇതോടെ പൂഞ്ഞാർ പള്ളിയിൽ പൂർണ നിയന്ത്രണം ഇനി പാല ബിഷപ്പിൻ്റേതായിരിക്കും. ഇതിനിടെ ഉണ്ടായ ഒത്തുതീർപ്പ് ശ്രമങ്ങളും ബിഷപ്പ് ഹൗസ് തള്ളി. പൂഞ്ഞാർ പള്ളിക്ക് നേരെ നടക്കുന്ന അക്രമങ്ങളെ ശക്തമായി നേരിടാനാണ് ബിഷപ്പ് ഹൗസിൻ്റെ പുതിയ നീക്കമെന്ന് അധികൃതർ പറയുന്നു. പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ കാറുകളിലും ബൈക്കുകളിലുമെത്തിയ സംഘം വൈദികനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 28 പേർ കസ്റ്റഡിയിലായിട്ടുണ്ട്. അക്രമി സംഘത്തിൽ 47 പേർ ഉണ്ടായിരുന്നത്. ഇവരെയെല്ലാം തിരിച്ചറിഞ്ഞുവെന്നും പലരും പ്രായപൂർത്തിയായവർ അല്ലെന്നും പൊലീസ് വ്യക്തമാക്കി. വധശ്രമത്തിന് അടക്കമാണ് കേസെടുത്തിരിക്കുന്നത്. സംഘം സഞ്ചരിച്ചിരുന്ന 5 കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരുവിവരം പോലീസ് വെളിപ്പെടുത്തിയില്ല. പ്രായപൂർത്തിയാകാത്തവരുടെ പേരുകൾ വെളിപ്പെടുത്തുന്നതിന് നിയമതടസമുണ്ടെങ്കിലും ബാക്കിയുള്ളവരുടെ പേരുകൾ വെളിപ്പെടുത്താൻ പോലീസ് തയ്യാറാവാത്തതിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഈരാറ്റുപേട്ട സ്വദേശികളായ ആറു പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ അസിസ്റ്റൻ്റ് വികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ ചേർത്തുങ്കലിലെ മാർ സ്ലീവ മെഡിസിറ്റിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പള്ളിയിൽ ആരാധന നടന്നുകൊണ്ടിരിക്കെ കുരിശടിയിലും മൈതാനത്തും പതിനഞ്ചോളം വരുന്ന സംഘം വാഹന അഭ്യാസപ്രകടനം നടത്തി. വലിയ ശബ്ദം ഉയർന്ന് കുർബാന തടസ്സപ്പെട്ടതോടെ ഫാ. ജോസഫ് ആറ്റുചാലിൽ ഇവരെ തടയുകയും അവരോട് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. വൈദികനും പള്ളി അധികാരികൾക്കും നേരേ സംഘം അസഭ്യവർഷം ചൊറിയുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്തു. തുടർന്ന് കുർബാന അവസാനിപ്പിച്ച ശേഷം പള്ളിയുടെ ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചപ്പോൾ അമിതവേഗത്തിൽ കാർ ഓടിച്ച് വൈദികനെ ഇടിച്ചു വീഴ്ത്തി. തലയടിച്ചാണ് വൈദികൻ വീണത്. ഉടൻ തന്നെ കൂട്ടമണിയടിച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ എത്തിയപ്പോഴേക്കും അക്രമികൾ കടന്നു കഴിഞ്ഞു. നാട്ടുകാർ അക്രമികളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നു.
© Copyright 2023. All Rights Reserved