പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചിരിക്കുകയാണ് കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ പെട്രോളിയം ഉപഭോഗം. 2030-ന് മുമ്പ് വർദ്ധിച്ചുവരുന്ന എണ്ണ ഉപഭോഗത്തിന്റെ പ്രാഥമിക കേന്ദ്രമായി ചൈനയെ പിന്തള്ളി രാജ്യം മുന്നേറുകയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. നഗരവൽക്കരണം, വ്യാവസായികവൽക്കരണം, മധ്യവർഗത്തിന്റെ വളർച്ച എന്നിവയോടൊപ്പം വെളിച്ചം, പാചകം, ഗതാഗതം, പെട്രോകെമിക്കൽസ് എന്നിവയ്ക്കുള്ള രാജ്യത്തെ പെട്രോളിയം ഉൽപന്നങ്ങളുടെ ഉപഭോഗം അതിവേഗം വർധിച്ച് വരികയാണ്.
ഗതാഗതത്തിനായുള്ള ചൈനയുടെ ആവശ്യം വൈദ്യുത വാഹനങ്ങളുടെ വരവോടെ വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. എന്നാൽ വൈദ്യുത വാഹനങ്ങളുടെ വലിയ വില കാരണം ഇന്ത്യക്കാർ ഇപ്പോഴും ഡീസൽ, പെട്രോൾ വാഹനങ്ങളാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഈ ദശാബ്ദത്തിന്റെ അവസാനത്തിന് മുമ്പ് ചൈനയുടെ എണ്ണ ഉപഭോഗം ഏറ്റവും ഉയർന്ന നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, 2030-കളിൽ ഇന്ത്യയുടെ എണ്ണ ഉപഭോഗം വർദ്ധിച്ചുകൊണ്ടിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
2030-ന് മുമ്പായി, ഉപഭോഗം വർധിപ്പിക്കുന്നതിൽ ഇന്ത്യ ഇതിനകം തന്നെ രണ്ടാം സ്ഥാനത്താണ്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ആഗോള ഉപഭോഗത്തിന്റെയും വിലയുടെയും പ്രാഥമിക നിർണ്ണയഘടകങ്ങളായി മാറിയിട്ടുണ്ട്.
ഇന്ത്യയുടെ പെട്രോളിയം ഉപഭോഗം 2022-ൽ 219 ദശലക്ഷം ടണ്ണിൽ നിന്ന് 2023-ൽ 231 ദശലക്ഷം ടണ്ണായി ഉയർന്നുവെന്നാണ് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിക്കുന്നത്. കൊറോണ വൈറസ് പാൻഡെമിക് ഉപഭോഗത്തെ സാരമായി ബാധിച്ചെങ്കിലും പിന്നീട് സ്ഥിതി മാറി. ഇന്ത്യയും ചൈനയും 2012-നും 2022-നും ഇടയിൽ ഉപഭോഗത്തിൽ 3.5% സംയോജിത വാർഷിക വളർച്ച കൈവരിച്ചിട്ടുണ്ട്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ പ്രതിവർഷം 0.5% മാത്രമായിരുന്നു ഇത്. ചൈനയുടെ ഉപഭോഗം 2010-കളിൽ ഇന്ത്യയുടേതിനേക്കാൾ ഏകദേശം മൂന്നിരട്ടി വലുതായിരുന്നു എന്നതാണ് ശ്രദ്ധേയം. വൈദ്യുത വാഹനങ്ങളുടെ ദ്രുതഗതിയിലുള്ള വിന്യാസം ചൈനയുടെ കൂടുതൽ ഉപഭോഗ വളർച്ചയെ തടയുന്നതിനാൽ, ഇന്ത്യയുടെ സമ്പൂർണ വർദ്ധനവ് ഈ ദശകത്തിന്റെ അവസാനത്തിൽ ചൈനയെ മറികടന്ന് മുന്നിലെത്തുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ആഗോള എണ്ണ ഉപഭോഗത്തിൽ ഇന്ത്യയുടെ പങ്ക് ഇതിനകം 2022 ൽ 5% ആയി ഉയർന്നു, 2021 ൽ 4% ഉം 2002 ൽ 3% ഉം ആയിരുന്നു. ഇന്ത്യയുടെ പെട്രോളിയം ഉപഭോഗം കഴിഞ്ഞ വർഷം 5 ശതമാനത്തിലധികം വർദ്ധിച്ചെങ്കിലും വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിലെ ദ്രുതഗതിയിലുള്ള വളർച്ച നാലാം പാദത്തിൽ ഇടിഞ്ഞു. ഇത് 2023 അവസാനത്തോടെ എണ്ണവില ഇടിഞ്ഞതിന്റെ ഒരു കാരണവുമാണ്.
© Copyright 2024. All Rights Reserved