സൗദി അറേബ്യയുടെ എണ്ണ അമേരിക്കൻ ഡോളറിൽ മാത്രം വിൽപന നടത്തുന്നതിനുള്ള അരനൂറ്റാണ്ട് പിന്നിട്ട കരാർ റദ്ദായി. ജൂൺ ഒമ്പതിന് അവസാനിച്ച കരാർ പുതുക്കേണ്ടെന്ന് സൗദി തീരുമാനിച്ചതോടെ ലോക സാമ്പത്തികരംഗത്തുണ്ടാകാൻ പോകുന്നത് വൻ മാറ്റങ്ങൾ. യൂറോ, യെൻ, യുവാൻ എന്നിവ ഉൾപ്പെടെ ഏത് കറൻസിയിലും എണ്ണ വിൽക്കാൻ ഇനി സൗദിക്ക് കഴിയും. ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികളും പരിഗണിച്ചേക്കാമെന്ന് റിപ്പോർട്ടുണ്ട്.
-------------------aud--------------------------------
1974 ജൂൺ എട്ടിനാണ് സൗദിയും അമേരിക്കയും തമ്മിലുള്ള പെട്രോ ഡോളർ കരാർ നിലവിൽ വന്നത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹെൻ്റി കിസിഞ്ചറും സൗദിയുടെ പ്രിൻസ് ഫഹദ് ബിൻ അബ്ദുൽ അസീസുമാണ് കരാറിൽ ഒപ്പുവെച്ചത്. അന്താരാഷ്ട്ര തലത്തിൽ ഡോളറിൻ്റ അപ്രമാദിത്വം ഉറപ്പിക്കുന്നതിന് ഈ കരാർ സഹായകമായി.
സൗദിയിൽനിന്ന് അമേരിക്കയിലേക്ക് എണ്ണ കയറ്റുമതി മുടങ്ങാതിരിക്കുകയെന്നതും കരാറിന്റ ലക്ഷ്യമായിരുന്നു. പകരമായി സൗദിക്ക് സൈനിക സഹായവും സാമ്പത്തിക സഹകരണവും അമേരിക്ക വാഗ്ദാനംചെയ്തുതു. എണ്ണ വിൽപനയിൽനിന്ന് ലഭിക്കുന്ന മിച്ചവരുമാനം യു.എസ് ട്രഷറി ബോണ്ടുകളിൽ നിക്ഷേപിക്കാമെന്നും സൗദി സമ്മതിച്ചിരുന്നു. സൗദി മാത്രമാണ് കരാറിൽ ഒപ്പുവെച്ചതെങ്കിലും മറ്റ് ഒപെക് രാജ്യങ്ങളും എണ്ണ വിൽപനക്ക് ഡോളർ സ്വീകരിച്ചു. ഇത് ഡോളറിൻ്റ ആവശ്യം വൻതോതിൽ ഉയർത്തി. മാറിയ ലോകസാഹചര്യത്തിൽ, മറ്റു രാജ്യങ്ങളുമായി സാമ്പത്തിക പങ്കാളിത്തം വിപുലപ്പെടുത്താനും യു.എസ് ഡോളറിനെ ആശ്രയിക്കുന്നത് കുറക്കാനുമാണ് കരാർ പുതുക്കേണ്ടെന്ന തീരുമാനത്തിലൂടെ സൗദി ലക്ഷ്യമിടുന്നത്. പ്രാഥമിക കരുതൽ കറൻസിയായി ഡോളറിനെ പരിഗണിക്കുന്ന നിലപാടിൽനിന്ന് മറ്റു രാജ്യങ്ങളും മാറുകയാണെങ്കിൽ ആഗോള സാമ്പത്തികരംഗത്ത് വൻ മാറ്റമാണുണ്ടാവുക. നിലവിൽ മറ്റു രാജ്യങ്ങളുടെ കറൻസികളുടെ മൂല്യം നിർണയിക്കുന്നത് ഡോളറിൻ്റ അടിസ്ഥാനത്തിലാണ്. ഭാവിയിൽ ഇതിന് മാറ്റം വന്നേക്കാം. സൗദി തീരുമാനം സാമ്പത്തികരംഗത്ത് അടിമുടി മാറ്റമുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്‌ധനായ കട്‌ജ ഹാമിൽട്ടൺ അഭിപ്രായപ്പെട്ടു.
© Copyright 2024. All Rights Reserved