പെരിയാറിൽ കേരളം പണിത മെഗാ പാർക്കിങ് തമിഴ്‌നാടിൻറെ പാട്ടഭൂമിയിൽ ആണോയെന്ന് അറിയുന്നതിനായി സർവ്വേയ്ക്ക് ഉത്തരവിട്ട് സുപ്രീം കോടതി. സർവ്വേ ഓഫ് ഇന്ത്യയോടാണ് സർവ്വേ നടത്താൻ സുപ്രീം കോടതി നിർദേശിച്ചരിക്കുന്നത്. കേരളത്തിൻ്റെയും തമിഴ്‌നാടിന്റെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മൂന്ന് മാസത്തിനുള്ളിൽ സർവ്വേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. ജിപിഎസ്, ടോട്ടൽ സ്റ്റേഷൻ, ഡിജിറ്റൽ ലെവലിങ് സംവിധാനം ഉപയോഗിച്ചാണ് സർവേ നടത്തേണ്ടത്. ആരോപണങ്ങളോ അവ്യക്തതകളോ ഇല്ലാതെ വ്യക്തമായ അളവുകോലുകളുടെ അടിസ്ഥാനത്തിൽ സർവേ പൂർത്തിയാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. പെരിയാർ കടുവാ സങ്കേതത്തിൽ എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനാണ് കേരള സർക്കാർ മെഗാ കാർ പാർക്കിങ് പണിതത്. കേരളത്തിന്റെ ഭൂമിയിൽ തന്നെയാണ് കാർ പാർക്കിങ് പണിതതെന്നാണ് സംസ്ഥാന സർക്കാരിൻ്റെ നിലപാട്. എന്നാൽ 1886-ലെ മുല്ലപെരിയാർ കരാർ പ്രകാരം തങ്ങൾക്ക് ലഭിച്ച പാട്ടഭൂമിയിലാണ് കാർ പാർക്കിങ് പണിതതെന്നാണ് തമിഴ്‌നാട് സർക്കാരിൻറെ അവകാശവാദം. ഇക്കാര്യം ഉന്നയിച്ച് തമിഴ്‌നാട് സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് സർവ്വേയ്ക്ക് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.
1886-ൽ ബ്രിട്ടീഷ് രാജ കുടുംബവും തിരുവിതാംകൂർ രാജകുടുംബവും തമ്മിൽ ഒപ്പുവെച്ച കരാറിൽ പെരിയാറിലെ ഭൂമിയുടെ അവകാശം സംബന്ധിച്ച് പരാമർശമില്ലെന്ന് കേരളത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്‌തയും അഭിഭാഷകൻ ജി. പ്രകാശും സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. മുല്ലപെരിയാർ അണക്കെട്ടിൻ്റെ നിർമ്മാണം, അണക്കെട്ടിലെ ജലം സംഭരണം എന്നിവ സംബന്ധിച്ചാണ് 1886-ലെ കരാറിൽ വിശദീകരിച്ചിരിക്കുന്നതെന്നും ഇരുവരും ചൂണ്ടിക്കാട്ടി. കരാറിൽ വിശദീകരിച്ചിരിക്കുന്ന 155 അടി കോൺടൂർ ലൈനിന് ഉള്ളിലല്ല കാർപാർക്കിങ് എന്നും ഇരുവരും ചൂണ്ടിക്കാട്ടി.
© Copyright 2023. All Rights Reserved