സ്വന്തം പേയ്മെൻ്റ് സംവിധാനം അടിച്ചേൽപിച്ചു വൻതുക സ്വന്തമാക്കാനുള്ള നീക്കത്തിൽ ഗൂഗിളിനു യുഎസ് ഫെഡറൽ കോടതിയിൽ തിരിച്ചടി. ഗൂഗിളിനെതിരെ 2020 മുതൽ നടത്തിയ നിയമയുദ്ധത്തിൽ പ്രമുഖ ഗെയിമിങ് കമ്പനി എപിക് ഗെയിംസ് വിജയം കണ്ടു. വിപണിയിലെ കുത്തകസ്വഭാവം ഗൂഗിൾ ദുരുപയോഗിച്ചുവെന്നു കോടതി വിലയിരുത്തി. -------------------aud--------------------------------ഫോർട്നൈറ്റ്, ബാറ്റ്ൽ ബ്രേക്കേഴ്‌സ്, റോബോ റീക്കോൾ അടക്കമുള്ള ഗെയിമുകളുടെ സ്രഷ്‌ടാക്കളാണ് എപിക് ഗെയിംസ്. ഗൂഗിൾ പ്ലേസ്റ്റോറിലുണ്ടായിരുന്ന ഫോർട്നൈറ്റ് എന്ന ഗെയിം സൗജന്യമാണെങ്കിലും ഗെയിം കളിക്കുന്നവർക്കു ഗെയിമിലെ ആയുധങ്ങളും വേഷവും മറ്റും വാങ്ങുന്നതിനു ഗൂഗിളിന്റെ പേയ്മെന്റ് സൗകര്യമാണ് ഉപയോഗിച്ചിരുന്നത്. ഓരോ പേയ്മെന്റിനും ഗൂഗിൾ 15% മുതൽ 30% വരെ കമ്മിഷൻ സ്വന്തമാക്കിയിരുന്നു. പിന്നീട് എപിക് ഗെയിം കമ്പനി ഇതിനായി സ്വന്തം പേയ്മെന്റ് സംവിധാനം ഏർപ്പെടുത്തി. ഗുഗിൾ ഇതു ചട്ടംലംഘനമാണെന്നു ചൂണ്ടിക്കാട്ടി ഫോർട്നൈറ്റ് ഗെയിം പ്ലേസ്‌റ്റോറിൽനിന്നു നീക്കി. ആപ്പിൾ ആപ് സ്‌റ്റോറും സമാന നടപടിയെടുത്തു. ഗൂഗിളും ആപ്പിളും ആപ് സ്റ്റോർ വിപണിയിലുള്ള കുത്തകസ്വഭാവം അധികപണം നേടാൻ ദുരുപയോഗിച്ചെന്ന പരാതിയുമായി എപിക് ഗെയിംസ് ഫെഡറൽ കോടതിയെ സമീപിച്ചു. ആപ്പിളിനെതിരെ നിയമയുദ്ധം വിജയിച്ചില്ലെങ്കിലും ഈ വിധിയിലൂടെ ഗൂഗിളിനു തിരിച്ചടി നൽകാൻ എപിക് ഗെയിംസിനു കഴിഞ്ഞു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഗൂഗിൾ അറിയിച്ചു.
© Copyright 2023. All Rights Reserved