ബ്രിട്ടീഷ് നീതിന്യായ ചരിത്രത്തിലെ ഏറ്റവും വലിയ നീതിനിഷേധത്തിന് ഒടുവിൽ അനിവാര്യമായ തിരുത്ത്. ആയിരക്കണക്കിന് സബ് പോസ്റ്റ്മാസ്റ്റർമാർക്ക് നൽകിയ ശിക്ഷാവിധികളാണ് റദ്ദാക്കിയത്. ഹൊറൈസോൺ അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറിലെ പിഴവുകൾ മൂലം ബ്രാഞ്ചുകളിൽ നിന്നും പണം നഷ്ടമായെന്ന് തോന്നിപ്പിച്ചതിന്റെ പേരിൽ മോഷ്ടാക്കളെന്ന് തെറ്റായി വിധിക്കപ്പെട്ട മുൻ സബ് പോസ്റ്റ്മാസ്റ്റർമാരെ കുറ്റവിമുക്തരാക്കിയാണ് പ്രധാനമന്ത്രി ഋഷി സുനാക് പുതിയ നിയമം പ്രഖ്യാപിച്ചത്.
-------------------aud--------------------------------
1999 മുതൽ 2015 വരെ കാലയളവിൽ 700-ലേറെ ജീവനക്കാരുടെ ജീവിതങ്ങളാണ് ഈ ഗുരുതര വീഴ്ചയിൽ കോടതി കയറി, ക്രിമിനലുകളാക്കപ്പെട്ട് നശിച്ചത്. ഫുജിട്‌സു കമ്പനിയുടെ കമ്പ്യൂട്ടർ പ്രോഗ്രാമിലെ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇവരെ കുറ്റവാളികളാക്കി മാറ്റിയത്. നാല് പേർ ആത്മഹത്യ ചെയ്യുകയും, നിരവധി പേർ ജയിലിലാകുകയും, പാപ്പരാകുകയും, പൊതുജനമധ്യത്തിൽ നാണംകെട്ട് ഒറ്റപ്പെടുകയും ചെയ്തിരുന്നു. ഈ ശിക്ഷാവിധികളെല്ലാം അപ്പാടെ റദ്ദാക്കുന്ന ഗവൺമെന്റിന്റെ പുതിയ നിയമനിർമ്മാണം ആഴ്ചകൾക്കുള്ളിൽ നിലവിൽ വരും. എല്ലാവരെയും പൂർണ്ണമായി കുറ്റവിമുക്തരാക്കുന്നതാണ് സുനാക് പ്രഖ്യാപിച്ച നിയമം. ഇതോടെ വർഷത്തിന്റെ അവസാനത്തോടെ ഇരകൾക്ക് 600,000 പൗണ്ട് വരെ നഷ്ടപരിഹാരത്തിനും അവസരമുണ്ടാകും. ഐടിവിയിൽ പോസ്റ്റ് ഓഫീസ് ഇരകൾ നേരിട്ട നീതിനിഷേധം ചൂണ്ടിക്കാണിച്ചതോടെയാണ് പ്രധാനമന്ത്രി ഈ വിഷയത്തിന് തീർപ്പുകൽപ്പിച്ചത്.
പോസ്റ്റ് ഓഫീസ് അഴിമതി വീണ്ടും വിവാദമായതോടെ നൂറിലേറെ ഇരകൾ വീണ്ടും മുന്നോട്ട് വന്നിട്ടുണ്ട്. അതേസമയം ഈ കേസിൽ കുറ്റക്കാരായ ആളുകൾക്കെതിരെ നടപടിയെടുക്കാനുള്ള ശ്രമത്തിലാണ് മെട്രോപൊളിറ്റൻ പോലീസ്. നിരപരാധികളെ വേട്ടയാടിയ ക്രൗൺ പ്രോസിക്യൂഷൻ സർവ്വീസിന്റെ തലപ്പത്ത് അന്ന് ഉണ്ടായിരുന്നത് ഇന്നത്തെ ലേബർ നേതാവ് കീർ സ്റ്റാർമറാണ്. തനിക്കൊന്നും അറിയില്ലെന്ന് വാദിച്ച് തലയൂരാനാണ് സ്റ്റാർമറുടെ പുറപ്പാട്.
© Copyright 2025. All Rights Reserved