സെക്രട്ടേറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനെതിരെ കേസെടുത്ത് പോലീസ്. മാർച്ച് സംഘർഷത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് കേസെടുത്തത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഒന്നാം പ്രതി. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് സതീശൻ അടക്കമുള്ളവർക്കെതിരെ കന്റോൺമെന്റ് പോലീസ് കേസെടുത്തത്. സതീശനെ കൂടാതെ ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ തിരിച്ചറിഞ്ഞ മുപ്പത് പേരുകളാണ് എഫ്‌ഐആറിൽ ഉള്ളത്.
കണ്ടാലറിയാവുന്ന മൂന്നുറിലേറെ പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. കരിങ്കൊടി പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ അക്രമങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. അതേസമയം പോലീസ് കേസെടുത്തതിനെ സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ്. ഞാൻ പേടിച്ച് പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണമെന്നാണ് സതീശൻ ഫേസ്ബുക്കിൽ കുറിച്ചത്. നേരത്തെ പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. യൂത്ത് കോൺഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല. പിന്നെയല്ലേ ഇപ്പോൾ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. ഭീരുവായ മുഖ്യമന്ത്രി എന്നായിരുന്നു നേരത്തെ സതീശൻ പിണറായിയെ വിശേഷിപ്പിച്ചത്. സതീശന്റെ അത്ര ധൈര്യം തനിക്കില്ലെന്നും, ഭയമുണ്ടോ എന്ന് സുധാകരനോട് ചോദിച്ചാൽ അറിയാമെന്നും പിണറായി മറുപടി നൽകിയിരുന്നു.
അതേസമയം യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ മൂന്ന് പോലീസ് വാഹനങ്ങളുടെ ചില്ല് അടിച്ചുതകർത്തു. കന്റോൺമെന്റ് എസ്‌ഐ ഉൾപ്പെടെ എട്ട് പോലീസുകാർക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റിരുന്നു. അക്രമസംഭവങ്ങളുടെ പേരിൽ 22 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം ഡിസിസി ഓഫീസിൽ കയറി പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ തടഞ്ഞു. പ്രതിപക്ഷ നേതാവായിരുന്നു മാർച്ച് നയിച്ചത്. നാല് മണിക്കൂറോളം നീണ്ടിരുന്നു സംഘർഷം. പോലീസ് സംയമനം പാലിച്ചിട്ടും യൂത്ത് കോൺഗ്രസുകാർ അടങ്ങിയില്ല. കല്ലും വടികളും ചെരിപ്പുമെറിഞ്ഞായിരുന്നു പ്രകോപനം. പോലീസ് അഞ്ച് തവണയാണ് ജലപീരങ്കി പ്രിയോഗിച്ചത്. വനിതാ പ്രവർത്തകർ അടക്കം മതിൽ കടന്ന് സെക്രട്ടേറിയേറ്റിലേക്ക് പ്രവേശിക്കാനും ശ്രമിച്ചു. ഇവർ വലിയ വടികളെടുത്ത് പോലീസിനെ അടിക്കുകയും ചെയ്തു. ഇതോടെ പോലീസ് ലാത്തിവീശുകയായിരുന്നു. കല്ലെറിഞ്ഞ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ ഇവരെ നേതാക്കൾ ഇടപെട്ട് വലിച്ചിറക്കി. കസ്റ്റഡിയിലെടുത്ത രണ്ട് പ്രവർത്തകരെ പോലീസ് വാഹനത്തിൽ നിന്ന് ബലമായി യൂത്ത് കോൺഗ്രസുകാർ പിടിച്ചിറക്കുകയായിരുന്നു. പിന്നീട് പോലീസ് ഡിസിസി ഓഫീസിലേക്ക് കയറുകയായിരുന്നു. ഒടുവിൽ ആരെയും കസ്റ്റഡിയിലെടുക്കാൻ അനുവദിക്കില്ലെന്ന നിലപാടും കോൺഗ്രസ് മാറ്റുകയായിരുന്നു.
© Copyright 2024. All Rights Reserved