ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം പതിമൂന്നാം ദിവസത്തിലേക്ക് കടന്നു. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായുള്ള ട്രയൽ റൺ നടന്നു. സ്റ്റേക്ച്ചർ ഉപയോഗിച്ച് തുരങ്കത്തിൽ നിന്ന് ആളുകളെ രക്ഷിച്ച് കൊണ്ട് വരുന്നതിന്റെ ട്രയലാണ് നടന്നത്. നേരത്തെ നിർത്തി വെച്ചിരുന്ന ഡ്രല്ലിംഗ് ഉടൻ പുനരാരംഭിക്കുമെന്നാണ് ദൗത്യ സംഘം അറിയിക്കുന്നത്. ഇന്ന് തന്നെ ദൗത്യം ഇന്ന് പൂർത്തിയാക്കാമെന്ന് പ്രതീക്ഷ.
41 തൊഴിലാളികളാണ് ടണലിൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് ഇത് പതിമൂന്നാം ദിവസമാണ്. പൈപ്പ് സ്ഥാപിക്കാനുള്ള ഡ്രില്ലിംഗ് വൈകാതെ തുടങ്ങും. ഓഗർ മെഷീന്റെ തകർന്ന പ്ലാറ്റ്ഫോം രക്ഷാദൗത്യസംഘം കോൺക്രീറ്റ് ചെയ്തു നേരെയാക്കിയിട്ടുണ്ട്. അടുത്ത അഞ്ച് മീറ്റർ തടസ്സങ്ങൾ ഇല്ലെന്ന് റഡാർ സ്‌കാനിഗിൽ കണ്ടെത്തിയെന്ന് പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് ഭാസ്കർ കുൽബെ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് തന്നെ ശുഭ വാർത്ത പ്രതീക്ഷിക്കാം എന്നാണ് അധികൃതർ അറിയിക്കുന്നത്. അതേസമയം, തൊഴിലാളികളെ രക്ഷിക്കാനുള്ള ഒരുക്കങ്ങൾ പുറത്ത് പൂർത്തിയായിരിക്കുകയാണ്. രക്ഷപ്പെടുത്തുന്ന തൊഴിലാളികൾക്കായി 41 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ഉത്തരകാശിയിൽ ടണലിനടുത്തുള്ള ചിന്യാലിസൗറിലാണ് ആശുപത്രി സജ്ജീകരിച്ചത്. വൈദ്യപരിശോധന ഇവിടെ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ചിന്യാലിസൗറിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്.
© Copyright 2025. All Rights Reserved