വിവരാവകാശ നിയമം വ്യക്തികളുടെ ജിജ്ഞാസ തൃപ്തിപ്പെടുത്താനുള്ളതല്ലെന്ന് ദൽഹി യൂണിവേഴ്‌സിറ്റി ഹൈക്കോടതിയിൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട ഹരജിയിലാണ് സർവകലാശാലയുടെ വാദം.
-------------------aud--------------------------------
1978ൽ ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ രേഖകൾ കൈമാറാൻ ദൽഹി സർവകലാശാലയോട് കേന്ദ്ര വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ദൽഹി സർവകലാശാല സമർപ്പിച്ച 2017ലെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ദൽഹി ഹൈക്കോടതി ജഡ്ജി സച്ചിൻ ദത്തയ്ക്ക് മുമ്പാകെ സർവകലാശാലയെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം അറിയിച്ചത്. വിവരാവകാശ നിയമം ദുരുപയോഗം ചെയ്യരുതെന്നും പൊതുസ്ഥാപനങ്ങളുടെ സുതാര്യതയുമായും ഉത്തരവാദിത്തങ്ങളുമായും ബന്ധമില്ലാത്ത കാര്യങ്ങൾ അറിയുന്നതിന് വിവരാവകാശ നിയമത്തെ ഉപയോഗിക്കരുതെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. വിവരാവകാശ നിയമപ്രകാരം വ്യക്തികൾക്ക് അവരുടെ ബിരുദ സർട്ടിഫിക്കറ്റിനും മാർക്ക് ഷീറ്റിനുവേണ്ടിയെല്ലാം അപേക്ഷിക്കാമെന്നും എന്നാൽ അത്തരം വിവരങ്ങൾ മൂന്നാമതൊരു കക്ഷിക്ക് വെളിപ്പെടുത്താൻ ആർ.ടി.ഐ ആക്ട് 8 (1) വകുപ്പ് പ്രകാരം കഴിയില്ലെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് സ്ഥാപിത നിയമതത്വങ്ങൾക്ക് വിരുദ്ധമാണെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. 1978 മുതലുള്ള വിവരങ്ങൾ പുറത്തുവിടുന്നത് കോടതി അംഗീകരിച്ചാൽ സമാനമായി പല അപേക്ഷകളുമുയരാൻ കാരണമാകുമെന്നും സോളിസിറ്റർ ജനറൽ കൂട്ടിച്ചേർത്തു.
1978ൽ ബിരുദ പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ മാർക്ക്, വിജയശതമാനം, പേര്, റോൾനമ്പർ തുടങ്ങിയ വിവരങ്ങൾ വ്യക്തമാക്കണമെന്ന് കാണിച്ച് ആക്ടിവിസ്റ്റ് നീരജ് കുമാർ വിവരാവകാശ കമ്മീഷനെ സമീപിച്ചതോടെയാണ് വിവാദം ആരംഭിക്കുന്നത്.
പിന്നാലെ ദൽഹി സർവകലാശാലയിലെ സെൻട്രൽ പബ്ലിക്ക് ഇൻഫർമേൻ ഓഫീസർ വിവരാവകാശം സംബന്ധിച്ച അപേക്ഷ നിരസിച്ചു. വിവരങ്ങൾ തരാൻ കഴിയില്ലെന്നും മൂന്നാം കക്ഷിയായ വ്യക്തിക്ക് വിവരങ്ങൾ കൈമാറാൻ കഴിയില്ലെന്നുമായിരുന്നു ഓഫീസർ പറഞ്ഞിരുന്നത്.
തുടർന്ന് നീരജ് കുമാർ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കുകയും അപ്പീൽ നൽകുകയും ചെയ്തതിന് പിന്നാലെ കമ്മീഷൻ നീരജ് കുമാറിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.
© Copyright 2024. All Rights Reserved